വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; തട്ടിയത് 4.11 കോടി രൂപ, തട്ടിപ്പിനിരയായത് തൃശ്ശൂരിലെ 85-കാരൻ, അറസ്റ്റ്

ഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റുചെയ്തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനിൽനിന്ന് 4.11 കോടി രൂപ തട്ടിയെടുത്തകേസിൽ യുവാവിനെ തൃശ്ശൂർ റൂറൽ സൈബർപോലീസ് അറസ്റ്റുചെയ്തു.
തട്ടിപ്പുസംഘത്തിന് കമ്മിഷൻ വ്യവസ്ഥയിൽ അക്കൗണ്ട് വഴി പണം കൈമാറിയ മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടിൽ റഷീക് രാജ(26)നെയാണ് പാണ്ടിക്കാട്ടുനിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർപോലീസ് സംഘം അറസ്റ്റുചെയ്തത്. ബിസിനസ്സുകാരനും മുൻ പ്രവാസിയുമാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബർ ഒൻപതുമുതൽ 2026 ജനുവരി ഒന്നുവരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പുനടത്തിയത്.
തട്ടിപ്പുപണത്തിലൊരുഭാഗം സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ഇത് പിൻവലിച്ച് പ്രധാന പ്രതികൾക്കു കൈമാറി കമ്മിഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് അറസ്റ്റ്. പ്രതിയെ റിമാൻഡുചെയ്തു.
പണംതട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലുൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലൊന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പ്രതികൾ വാട്സാപ്പ് കോളിലൂടെ വിളിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കണമെന്നും പണം തങ്ങളുടെ അക്കൗണ്ടുകളിലേക്കു മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. 'ദേശീയതാത്പര്യം' മുൻനിർത്തി കോടതിനിർദേശപ്രകാരമാണ് ഈ നടപടിയെന്നും വിവരം മറ്റാരോടും പറയരുതെന്നും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും പറഞ്ഞ് പരാതിക്കാരനെയും പരിചാരകനെയും പ്രതികൾ ഡിജിറ്റൽ അറസ്റ്റുചെയ്തെന്ന് വിശ്വസിപ്പിക്കുകയം ചെയ്തു.
വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ 4,11,65,206 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. സംഭവത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമ്മിഷൻ ഏജന്റായ പ്രതി പിടിയിലായത്.
വലിയതോതിൽ പണം പിൻവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ ചോദിച്ചെങ്കിലും ബിസിനസ് ആവശ്യത്തിനാണെന്നായിരുന്നു മറുപടി. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൽ ബാങ്ക് ജീവനക്കാരുടെ നിർദേശപ്രകാരം പോലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. റഫീഖ്, സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ.മാരായ കെ.വി. ജസ്റ്റിൻ, പി.എസ്. സുജിത്ത്, സി.പി.ഒ.മാരായ ടി.പി. ശ്രീനാഥ്, ശബരീനാഥ്, അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: A 85-year-old businessman in Thrissur was swindled of ₹4.11 crore via a digital arrest scam., The fraudulent activity occurred between September 2025 and January 2026., The scam involved threats of money laundering investigations by fake Enforcement Directorate officials., A commission agent from Malappuram was arrested by Thrissur Rural Cyber Police., Victims were coerced into transferring funds under the guise of national security.