ഷാബാ ഷെരീഫ് വധക്കേസ്; മൂന്നുപേർ കുറ്റക്കാർ, നിർണായകമായത് മുടിയുടെ ഡിഎൻഎ പരിശോധനാഫലം

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഒമ്പതുപേരെ കോടതി വെറുതെവിട്ടു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ ശനിയാഴ്ച ശിക്ഷ വിധിക്കും.
2022 ഏപ്രിൽ 23-ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുൻപിൽ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2019 ഓഗസ്റ്റിൽ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒന്നരവർഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എൻ.എ. പരിശോധനാഫലമാണ് കേസിൽ നിർണായകമായത്.
മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫിൽനിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂർ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിൻ അഷ്റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.
Content Highlights: Three found guilty in the murder of Shaba Sheriff