കോഴിക്കോട് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പോലീസ് എത്തിയത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന്

#സ്വന്തം ലേഖകൻ
റാബി ഷേക്ക്, റൗഷനരാ ബീഗം, പപ്പിയ
റാബി ഷേക്ക്, റൗഷനരാ ബീഗം, പപ്പിയ

കോഴിക്കോട്: മാങ്കാവ് റോഡിൽ മിംസ് ആശുപത്രിക്ക് സമീപത്തെ വാടക മുറിയിൽ താമസിക്കുകയായിരുന്ന മൂന്ന് ബംഗ്ലാദേശികൾ പിടിയിലായി. റാബി ഷേക്ക് (27), ഇയാളുടെ ഭാര്യ റൗഷനരാ ബീഗം (38), പപ്പിയ (22) എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസാണ് ഇവരെ പിടികൂടിയത്. ഇന്നലെ ഈ ഭാഗത്ത് വെച്ച് ഇതര സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. പരിസരവാസികൾ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ റാബി ഷേക്കിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ബംഗ്ലാദേശി പൗരൻ ആണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ള മറ്റു രണ്ട് സ്ത്രീകളും ബംഗ്ലാദേശികൾ ആണെന്ന് വ്യക്തമായി. തുടർന്ന് മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എട്ടുമാസം മുമ്പാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. നാലുമാസം ബെംഗളൂരുവിൽ ജോലി ചെയ്തിട്ടുണ്ട്. നാലുമാസം മുമ്പാണ് മിംസ് ആശുപത്രിക്ക് സമീപത്തെ മുറിയിൽ താമസമാക്കിയത്. ഒരു മാസമായി പുതിയ പാലത്തെ വെൽഡിങ് വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു പിടിയിലായ റാബി ഷേക്ക്. ഇയാളുടെ ഭാര്യ ആണെന്ന് പറയുന്ന റൗഷനരാ ബീഗം എട്ടുമാസമായി കോഴിക്കോട് തൊണ്ടയാട്, നടക്കാവ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെ സ്പാകളിൽ ജോലി ചെയ്തു വരികയാണ്.

ഇവർ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലെ വിലാസത്തിൽ ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ വ്യാജമായി നിർമ്മിച്ചു. ഇതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. പിടിയിലായ 22-കാരി 10 ദിവസം മുമ്പാണ് കോഴിക്കോട് എത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായത്. ഇവർ ഏഴു ദിവസമായി തൊണ്ടയാടുള്ള സ്പായിൽ ജോലി ചെയ്തു വരികയാണ്. പിടിയിലായ മൂന്നുപേരും താമസിച്ച മുറിയിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. മറ്റെന്തെങ്കിലും രേഖകൾ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Content Highlights: Three Bangladeshi nationals, including two women working in local spas, were arrested by Kozhikode Medical College Police from a rented room near MIMS Hospital after a drunken brawl exposed their fake Indian IDs.