നാട്ടില്‍ പരിഭ്രാന്തി പരത്തി അശ്ലീല ഊമക്കത്തുകള്‍, വധഭീഷണിയും; സ്ത്രീയടക്കം പിടിയില്‍

അറസ്റ്റിലായ പ്രതികള്‍
അറസ്റ്റിലായ പ്രതികള്‍

ചാരുംമൂട്(ആലപ്പുഴ): പടനിലം പ്രദേശത്ത് പരിഭ്രാന്തി പരത്തി പ്രമുഖര്‍ക്കടക്കം അമ്പതിലധികം പേര്‍ക്കു അശ്ലീല ഊമക്കത്തുകള്‍ അയച്ചതിനു മൂന്നുപേര്‍ അറസ്റ്റില്‍. നൂറനാട് നെടുകുളഞ്ഞിമുറി ശ്യാം നിവാസില്‍ ശ്യാം (36), നെടുകുളഞ്ഞിമുറി തിരുവോണം വീട്ടില്‍ ജലജ (44), ചെറിയനാട് മാമ്പ്രമുറിയില്‍ കാര്‍ത്തിക നിവാസില്‍ രാജേന്ദ്രന്‍ (57) എന്നിവരാണു നൂറനാട് പോലീസിന്റെ പിടിയിലായത്.

ഒന്നാംപ്രതിയായ ശ്യാമിനു വിരോധമുള്ളവരെ കുടുക്കാനും വൈരാഗ്യം തീര്‍ക്കാനുമാണു കത്തയച്ചത്. ഇതിനു സഹായിച്ചവരാണു മറ്റുരണ്ടുപേര്‍. 

ആറു മാസമായി അയച്ചുകൊണ്ടിരുന്ന അശ്ലീലത്തോടൊപ്പം പലര്‍ക്കും വധഭീഷണിയും ഉണ്ടായിരുന്നു. ഇതില്‍ ഒരുകത്ത് പോസ്റ്റ് ചെയ്തിരുന്ന വെണ്‍മണി പോസ്റ്റോഫീസിനു സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് വിമുക്തഭടനായ രാജേന്ദ്രനെ ആദ്യം പിടികൂടുന്നത്. രാജേന്ദ്രനെ ചോദ്യംചെയ്തപ്പോള്‍ ജലജയും ശ്യാമും പിടിയിലായി. ജലജയുടെയും ശ്യാമിന്റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റുകളും കവറുകളും പോലീസ് കണ്ടെടുത്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Content Highlights: three arrested for sending obscene letters in alappuzha