യുവതിയുടെ നഗ്നവീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന്, വിവാഹം മുടങ്ങി; മൂന്നുപേര്‍ അറസ്റ്റില്‍

പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

വിജയവാഡ:  യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26-കാരി നല്‍കിയ പരാതിയിലാണ് മുന്‍സുഹൃത്തായ യുവാവിനെയും ഇയാളുടെ രണ്ട് കൂട്ടുകാരെയും അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ യുവാവ് അയച്ചുനല്‍കിയ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനാണ് ഇയാളുടെ സുഹൃത്തുക്കളെ പിടികൂടിയത്. 

നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ യുവതിയുടെ പ്രതിശ്രുത വരനും അയച്ചുനല്‍കിയിരുന്നു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. 

ബാന്ദുമില്ലി സ്വദേശിയായ യുവാവും 26-കാരിയും സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നാലെ ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. ദിവസേന വിളിക്കുന്നതും പതിവായി. അടുപ്പം വളര്‍ന്നതോടെ വീഡിയോ കോളിങ്ങും ആരംഭിച്ചു. ഇതിനിടെയാണ് യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീഡിയോകോളില്‍ നഗ്നയായതെന്നാണ് പരാതിയില്‍ പറയുന്നത്. 

മാസങ്ങള്‍ക്ക് ശേഷം മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിനുപിന്നാലെയാണ് പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്നും നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

ജൂണ്‍ 14-ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചത്. വിവാഹത്തിന്റെ തലേദിവസം നഗ്നവീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതി യുവതിയുടെ പ്രതിശ്രുതവരന് അയച്ചു. തുടര്‍ന്ന് വരനും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറുകയും വിവാഹം മുടങ്ങുകയുമായിരുന്നു. 

യുവതിയുടെ പരാതിയില്‍ വരനും ഇയാളുടെ വീട്ടുകാര്‍ക്കുമെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തില്‍നിന്ന് പിന്മാറിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.  

Content Highlights: three arrested for circulating woman nude video call recording in social media n