പട്ടാപ്പകൽ അക്രമം, വെട്ടിയത് തലയ്ക്ക്; വിദ്യാർഥിയുടെ നില ഗുരുതരം; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഗ്നേഷി(20)നാണ് വെട്ടേറ്റത്. ഇന്ന് പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വിഗ്നേഷ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു. തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോളേജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത് എന്നാണ് വിവരം.
സംഭവം നടക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. വാക്കത്തികൊണ്ടാണ് യുവാക്കൾ വിഗ്നേഷിനെ വെട്ടിപരിക്കേൽപിച്ചത്.
സംഭവം നടന്നതിന് സമീപത്തുള്ള കെട്ടിടത്തിനുള്ളിൽ നിന്ന് ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യം പകർത്തുന്നത് കണ്ടിരുന്നുവെങ്കിൽ ഇയാളെയും അക്രമികൾ ആക്രമിക്കുമായിരുന്നു എന്ന് ദൃശ്യം പകർത്തിയയാൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: A student named Vighnesh from Thonnakkal Saigram College was attacked and is currently receiving treatment at Thiruvananthapuram Medical College Hospital. The incident occurred following a verbal altercation between Vighnesh and two other youths, which escalated into a physical attack.