ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് 16-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; കാറിൽ കടന്ന യുവാവിനായി തിരച്ചിൽ

തിരുവനന്തപുരം: 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പെൺകുട്ടിയുടെ വീടിന് സമീപത്തായി യുവാവ് കാറിൽ കാത്തുനിന്ന സഹദ്, പെൺകുട്ടിയെ കുത്തിവീഴ്ത്തിയശേഷം കാറിൽ കടന്നുകളയുകയായിരുന്നു. അമിതവേഗതയിൽ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് കടന്നുകളഞ്ഞത്.
വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നാണ് സഹദ് കുത്തി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിനും ആണ് കുത്തേറ്റിരിക്കുന്നത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് കണ്ടുനിന്നവർ പറയുന്നു. പ്രദേശത്ത് പിടിവലി കൂടിയതിന്റെ ലക്ഷണങ്ങളുമുണ്ട്.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
Content Highlights: A 21-year-old suspect named Sahad stabbed a Plus-Two student near her home., The attack occurred while the student was out to purchase books., The suspect fled the scene in a car, causing an accident during his escape., The victim suffered severe injuries to her face and neck., Vattappara police have initiated a manhunt for the suspect.