ഓപ്പറേഷൻ തൂഫാൻ: പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു, ഒരാൾ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പ്രതി മുനീർഖാൻ
പ്രതി മുനീർഖാൻ

തിരുവനന്തപുരം (പൂന്തുറ): ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ബീമാപളളിമേഖലയിൽ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘത്തെ കടയുടമയുടെ സഹോദരനും നാട്ടുകാരും ചേർന്ന് ആക്രമിച്ചു. പൂന്തുറ എസ്.ഐ. എസ്.എസ്. ശ്രീജേഷ് ഉൾപ്പെടെയുള്ള പോലീസുകാരെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് ആക്രമിച്ചത്. സംഭവത്തിൽ ബീമാപളളി പുതുവൽ വീട്ടിൽ മുനീർഖാനെ(35) അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം കണ്ടാലറിയാവുന്ന ഒൻപത് പേർക്കെതിരെയും കേസെടുത്തു.

കടയിൽ സൂക്ഷിച്ചിരുന്ന എട്ടുലക്ഷത്തോളം രൂപയുടെ വ്യാജ സിഗരറ്റും അനുബന്ധ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം. ബീമാപളളി ഭാഗത്തെ കടയിൽ വ്യാജ വിദേശ ഇ സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ അടക്കമുളള വിൽപ്പന നടത്തുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്. പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ വളഞ്ഞ് ആക്രമിക്കുകയും യൂണിഫോം നശിപ്പിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ കടയുടമ രക്ഷപ്പെട്ടു. ഇയാളുടെ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു.

Content Highlights: Police team attacked by locals and shop owner's brother during Operation Toofan in Beemapally