പതിനാലുകാരിയെ കടന്നുപിടിച്ചു; പ്രതിക്ക് ഏഴ് വർഷം കഠിനതടവും 26,000 രൂപ പിഴയും

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നുപിടിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22)വിനെ ഏഴുവർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.
പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷവും ഒമ്പത് മാസവും കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിച്ചു.
2025 മേയ് ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഉച്ച സമയത്ത് തിരുവനന്തപുരം ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരികയായിരുന്ന പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പ്രതി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ഒഴിഞ്ഞു മാറിയതിനാൽ കുട്ടിയുടെ ചുമലിൽ തട്ടി. പ്രതിയുടെ വസ്ത്രവും വാഹനവും ഓർത്തു വച്ചിരുന്ന പെൺകുട്ടി തൊട്ടടുത്ത വീട്ടിലെ സിസിടിവി നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. പോലീസിൽ പരാതി കൊടുത്തപ്പോൾ സിസിടിവി നോക്കി പ്രതിയുടെ വാഹന നമ്പർ വെച്ച് കണ്ടു പിടിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകർ ആയ ബിന്ദു വി സി, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു 20 രേഖകളും 2 തൊണ്ടിമുതലും ഹാജരാക്കി.
Content Highlights: Accused Hail Raju sentenced to 7 years rigorous imprisonment., Fined Rs 26,000, failing which additional imprisonment applies., Compensation to be paid to the survivor., Incident occurred in May 2025 near Chavadi Mukku, Thiruvananthapuram., Quick identification enabled by CCTV footage and survivor's presence of mind.