ചാക്കയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

തിരുവനന്തപുരം: ചാക്കയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹസ്സന്‍കുട്ടിയ്ക്ക് 67 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 12 ലക്ഷം രൂപ പിഴയും ഇയാള്‍ ഒടുക്കണം.
2024 ഫെബ്രുവരി 18നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍വേ പാളത്തിന് സമീപം മാതാപിതാക്കള്‍ക്കൊപ്പം കിടുന്നുറങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശിയായ കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാടോടികളായിരുന്നു ഇവര്‍. കുട്ടിയെ കാണാതായ അന്നുതന്നെ അബോധാവസ്ഥയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പൊന്തക്കാടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ഹസ്സന്‍കുട്ടിയാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.
ഇതിന് മുമ്പും പോക്‌സോ കേസില്‍ പ്രതിയായിരുന്ന ആളാണ് ഹസ്സന്‍കുട്ടി. കൊല്ലത്തുനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല എന്നതാണ് അന്വേഷണത്തില്‍ പോലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തൊട്ടടുത്ത് ബ്രഹ്‌മോസിന്റെ വളപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് ഒരാള്‍ നടന്നുപോകുന്ന ദൃശ്യം പോലീസിന് കിട്ടിയത്. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹസ്സന്‍ കുട്ടിയാണ് എന്ന് കണ്ടെത്തിയത്.
പിന്നെ ഹസ്സന്‍കുട്ടിയെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആലുവയില്‍ ഒരു തട്ടുകടയില്‍ ജോലി ചെയ്തിരുന്നുവെന്നും അവിടെ ഒരു പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്നും കണ്ടെത്തിയത്. ഇയാള്‍ തട്ടികടയില്‍ ജോലി ചെയ്ത് കിട്ടിയ കാശുമായി പളനിയിലേക്ക് പോയി എന്നാണ് അവിടെ നിന്ന് പോലീസിന് കിട്ടിയ വിവരം. പളനിയില്‍ ചെന്ന് തലമൊട്ടയടിച്ചതിന് ശേഷം ഇയാള്‍ എങ്ങോട്ടുപോയി എന്ന് പോലീസിന് കണ്ടെത്താനായിരുന്നില്ല.
ഇതിനിടെയാണ് കൊല്ലം ആശ്രാമത്ത് ഇയാള്‍ സാധാരണ വരാറുള്ളതാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇവിടെ ഷാഡോ പോലീസ് ഇയാള്‍ക്ക് വേണ്ടി കാത്തിരുന്നു. ഇവിടെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ എത്തിയ ഹസ്സന്‍കുട്ടിയെ പിടികൂടുന്നത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
Content Highlights: Man sentenced to 67 years in prison and Rs 12 lakh fine for abducting and raping a two-year-old girl in Thiruvananthapuram. Case details and investigation findings.