തട്ടിയെടുത്തത് രണ്ടുകിലോയോ 15 പവനോ? ചാലയിലെ ജൂവലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, CCTV ദൃശ്യങ്ങൾ പുറത്ത്

#ന്യൂസ് ഡെസ്ക്
സ്വർണക്കവർച്ച നടന്ന തിരുവനന്തപുരം ചാല മരക്കട റോഡിലെ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി പോലീസ് തെളിവെടുപ്പു നടത്തുന്നു
സ്വർണക്കവർച്ച നടന്ന തിരുവനന്തപുരം ചാല മരക്കട റോഡിലെ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി പോലീസ് തെളിവെടുപ്പു നടത്തുന്നു

തിരുവനന്തപുരം: കടയടച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്ന ജൂവലറി ഉടമയെ ബൈക്കിൽ പിന്തുടർന്ന് സംഘം സ്വർണമടങ്ങുന്ന ബാഗ് തട്ടിയെടുത്തു. ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വർണമാണ് നഷ്ടമായത്. രണ്ട്‌ കിലോയോളം സ്വർണം നഷ്ടമായെന്നാണ് എഫ്.ഐ.ആറിലുള്ളത്.എന്നാൽ 15 പവൻ മാത്രമേ നഷ്ടമായുള്ളൂവെന്ന് നന്ദകുമാർ പറയുന്നു.

വ്യാഴാഴ്ച രാത്രി പത്തരയോടെ കടയടച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്നു നന്ദകുമാർ. മരക്കട എസ്.ബി.ഐ. ബാങ്കിനു സമീപം ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചെത്തിയ രണ്ടുപേർ സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന നന്ദകുമാറിന്റെ സ്വർണമടങ്ങിയ തോൾബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു.

ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഒരുഭാഗം കീറിപ്പോയെന്നും പ്രതികൾ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നും പത്തരയോടെയാണ് കടയടയ്ക്കുന്നത്. മകനും കടയിൽ ഒപ്പമുണ്ടായിരുന്നെങ്കിലും നന്ദകുമാർ നേരത്തേ വാഹനത്തിൽ സമീപത്തെ വസതിയിലേക്കു സ്വർണവുമായി പോവുകയായിരുന്നു. മറ്റു ജൂവലറികളിൽനിന്നു ശുദ്ധീകരണത്തിനായി ഏൽപ്പിച്ച പഴയ സ്വർണമാണ് ബാഗിലുണ്ടായിരുന്നത്.

നാലോ അഞ്ചോ കടകളിൽനിന്നു ശേഖരിച്ച സ്വർണമായിരുന്നു ഇത്. ഇവ വീട്ടിൽ െവച്ചാണ് ശുദ്ധീകരിക്കുന്നത്. എന്നാൽ, നഷ്ടമായ സ്വർണത്തിന്റെ അളവിൽ ആശയക്കുഴപ്പമുണ്ട്. ആദ്യം പോലീസിനോട് നന്ദകുമാർ പറഞ്ഞത് 1.800 കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നായിരുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആറിൽ രണ്ട് കിലോ സ്വർണം നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് 15 പവൻ മാത്രമാണ് നഷ്ടപ്പെട്ടതെന്നും നന്ദകുമാർ മാധ്യമങ്ങളോടു പറയുന്നുണ്ട്. സ്വർണത്തിന്റെ അളവിൽ വ്യത്യസ്ത കണക്കുകൾ പുറത്തുവന്നതും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും.

കവർച്ചയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിൽ രണ്ട് ബൈക്കുകൾ കാണാം. എന്നാൽ, ഈ വാഹനത്തിനു സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യം വ്യക്തമല്ല.

30 വർഷമായി ചാലയിൽ സ്വർണവ്യാപാരം നടത്തുന്നയാളാണ് നന്ദകുമാർ. പതിവായി കടയടച്ച് സ്വർണവുമായി മടങ്ങുന്ന സമയവും യാത്രാമാർഗവും മനസ്സിലാക്കിയവരാണോ കവർച്ചയ്ക്കു പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കവർച്ച നടത്തുന്നതിനു മുൻപ് സമീപത്തെ കടകൾക്കു മുന്നിൽ മോഷ്ടാക്കൾ കാത്തുനിൽക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.

ദിവസങ്ങൾ നീണ്ട നിരീക്ഷണം

ചാലയിലെ ജൂവലറിയിലെ സ്വർണം കവർന്ന സംഭവത്തിനുപിന്നിൽ ദിവസങ്ങൾ നീണ്ട ആസൂത്രണമുണ്ടായിരുന്നെന്ന് കരുതുന്നു. സ്വർണവ്യാപാരിയായ നന്ദകുമാറിനെ നിരീക്ഷിച്ച് യാത്രാവഴികളും സ്വർണം കൈയിലുണ്ടെന്ന്‌ ഉറപ്പാക്കിയശേഷവുമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ മുൻ ദിവസങ്ങളുടേതടക്കമുള്ള സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. ഇതിനു മുൻപും മോഷണം നടത്താൻ ശ്രമിച്ചുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഫോൺനമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.

സ്വർണം ശുദ്ധീകരിച്ചുനൽകുന്ന മാർവാടി വ്യാപാരിയായ നന്ദകുമാറിന്റെ ഇടപാടുകാരിലേക്കും അന്വേഷണം നീളും. ഇദ്ദേഹത്തിന്റെ ഇടപാടുകളെയും സ്വർണം കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതുമായ രീതികളെയും കുറിച്ച് അറിവുള്ളവരാണോ കവർച്ചയ്ക്കുപിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചെറിയ ജൂവലറികളിൽനിന്നും വ്യക്തികളിൽനിന്നും സ്വർണം ശേഖരിച്ച് പ്യൂരിഫയിങ് മെഷീൻ ഉപയോഗിച്ച് 24 കാരറ്റ് സ്വർണബാറുകളാക്കി മാറ്റിനൽകുന്നതാണ് നന്ദകുമാറിന്റെ ജോലി. ഇതിനായി വീട്ടിൽ സ്ഥാപിച്ചിട്ടുള്ള മെഷീനാണ് ഉപയോഗിക്കുന്നത്.

സ്വർണം വീട്ടിലെത്തിച്ച് ശുദ്ധീകരിച്ചശേഷം ആവശ്യക്കാർക്ക് തിരികെനൽകുന്നതാണ് പതിവ്. ഈ ഇടപാടുകളിൽനിന്ന് കമ്മിഷനും ലഭിക്കാറുണ്ട്. സ്വർണം വീട്ടിലേക്കു കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും അറിയാവുന്ന സംഘമാകാം കവർച്ചയ്ക്കുപിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കവർച്ച നടത്തിയതിനുശേഷം പവർഹൗസ് റോഡ് വഴി തകരപ്പറമ്പ് ഭാഗത്തേക്ക് പ്രതികൾ ബാഗുമായി യാത്രചെയ്തുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

അതിനിടെ, കവർച്ചചെയ്യപ്പെട്ട സ്വർണത്തിന്റെ അളവുസംബന്ധിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വർണത്തിന്റെ അളവിൽ വ്യത്യസ്ത കണക്കുകൾ പുറത്തുവന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.