ഓട്ടോറിക്ഷകൾ പൂട്ടുപൊളിച്ച് മോഷ്ടിക്കുന്ന സംഘം പിടിയിൽ; ഇതുവരെ വിറ്റത് അഞ്ചെണ്ണം, പിടിച്ചെടുത്തത് രണ്ടെണ്ണം

തിരുവനന്തപുരം: വീട്ടുപരിസരത്തെ റോഡുകളിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ലോക്കുകൾ പൊട്ടിച്ചശേഷം കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെയും സഹായിയേയും പിടികൂടി വലിയതുറ പോലീസ്. പേരൂർക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനൻ (30) ഇയാളുടെ സഹായിയായ ആൽവിൻ മാത്യു (33) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഈ മാസം ഏഴിന് പുലർച്ചെ വളളക്കടവ് സുലൈമാൻതെരുവ് സ്വദേശി അനസിന്റെയും, 16-ന് പുലർച്ചെ വലിയതുറ കറുപ്പായി റോഡിൽ നിർത്തിയിട്ടിരുന്ന ബീമാപളളി പത്തേക്കർ സ്വദേശി ഷഫീറിന്റെയും ഓട്ടോറിക്ഷകളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. നഗരത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ സി.സി. പിടുത്തക്കാരനാണ് കേസിലെ ഒന്നാം പ്രതിയായ വിശാഖ് മോഹനൻ.
മാസയടവ് മുടങ്ങിയ ഓട്ടോറിക്ഷകളുടെ ലോക്കുകൾ പൊട്ടിച്ചെടുത്ത് ഓട്ടോറിക്ഷകളെ കമ്പനിയിൽ എത്തിക്കുന്നതിന് ഇയാൾക്ക് പ്രത്യേക ഉപകരണം നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് ഓട്ടോറിക്ഷകളുടെ ലോക്കുകൾ പൊട്ടിച്ചെടുക്കുന്നതെന്ന് വൈശാഖ് മോഹനൻ നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തിൽ കൈക്കലാക്കുന്ന ഓട്ടോറിക്ഷകളെ വാഹനങ്ങൾ മറിച്ച് വിൽക്കുന്ന സംഘത്തിന് കൈമാറി പണം വാങ്ങുന്നതാണ് ഇയാളുടെ രീതി. ഇതിന് സഹായിച്ചിരുന്നത് കരകുളം സ്വദേശിയായ ആൽവിൻ മാത്യു ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയില്ലായിരുന്നുവെങ്കിൽ കൂടുതൽ ഓട്ടോറിക്ഷകൾ ഇവർ മോഷ്ടിച്ച് കടത്തുമായിരുന്നു.
കേസിൽ ശംഖുംമുഖം അസി. കമ്മീഷണർ ബി.എസ്. സജിമോന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വഷണത്തിൽ പ്രതികൾ ഇതുവരെ അഞ്ച് പുതിയ ഓട്ടോറിക്ഷകളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. മോഷ്ടിക്കുന്ന ഓട്ടോറിക്ഷകൾ 30000 മുതൽ 50000 വരെയുളള തുകയ്ക്കാണ് മറിച്ച് വിറ്റതെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാക്കി ഓട്ടോറിക്ഷകൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ. അജിത്കുമാർ, വലിയതുറ എസ്.ഐ. ഡി.ഒ. ദിനേശ്, പൂന്തുറ എസ്.ഐ. നിതിൻ, സി.പി.ഒ.മാരായ കിഷോർ, രെജിൻ, ഡാൻസാഫ് സംഘം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: The police arrested Vishakh Mohanan and Alvin Mathew for stealing and selling autorickshaws by breaking their locks in Thiruvananthapuram. Vishakh Mohanan, the main accused, used a special tool to break locks and sold the stolen vehicles through a network, with Alvin Mathew assisting him.