സ്പായിലെ ബലാത്സംഗം: ഒരാൾ കൂടി പിടിയിൽ; രണ്ടുപ്രതികൾ കേരളം വിട്ടതായി സംശയം; 'മരണം സുബിൻ' കസ്റ്റഡിയിൽ

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് ജീവനക്കാരിയെ ബലാത്സംഗംചെയ്ത കേസിൽ ഒരാൾകൂടി പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന പ്രശോഭിനെയാണ് പോലീസ് പിടികൂടിയത്. റാന്നിയിൽനിന്നാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർ സംസ്ഥാനംവിട്ടതായാണ് സൂചന. ഇരുവരും മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് കർണാടകയിലേക്ക് മുങ്ങിയതായാണ് പോലീസ് സംശയിക്കുന്നത്.
അതിനിടെ, കേസിലെ മുഖ്യപ്രതിയായ കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയെ (മരണം സുബിൻ-29) പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്തത് സുബിനായിരുന്നു.
ഗുണ്ടാപ്പിരിവല്ല, സ്ഥാപനത്തെ തകർക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്ന് സ്ഥാപനത്തിന്റെ ഉടമ ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ, പരാതി നൽകിയില്ല. പോലീസ് കസ്റ്റഡിയിൽ ലഭിച്ച സുബിനിൽനിന്ന് ക്വട്ടേഷൻ സംബന്ധിച്ച് കൂടുതൽ വ്യക്തതവരുത്താൻ പോലീസ് ശ്രമിക്കും. തിരുവല്ലയിലുള്ള മറ്റൊരു കാപ്പാകേസ് പ്രതി വിവിധ സ്പാകളിൽനിന്ന് ഗുണ്ടാപ്പിരിവ് വാങ്ങാറുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇയാളുടെ സംഘാംഗമാണ് സുബിൻ. എന്നാൽ, ആ വഴിക്ക് പോലീസ് കൂടുതൽ അന്വേഷണം നടത്തിയിട്ടില്ല.
പീഡനത്തിന് ഇരയായ യുവതിക്കൊപ്പം സ്പായിൽ ജോലിചെയ്യുന്ന മറ്റൊരുയുവതിക്ക് സുബിന്റെ സംഘത്തിലെ ചിലരുമായി അടുപ്പമുണ്ടായിരുന്നുവെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം പോലീസ് തുടങ്ങിയിരുന്നു. കസ്റ്റഡിയിൽലഭിച്ച സുബിനിൽനിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
Content Highlights: Police arrested another suspect in the Thiruvalla spa rape case linked to gangster extortion. Investigations continue to nab the remaining absconders.