ഭർത്താവിനോട് പിണങ്ങി സുഹൃത്തിനൊപ്പം കടത്തിണ്ണകളിൽ താമസം; കുട്ടിയെ കൊന്ന് ചതുപ്പിൽ തള്ളി; ഒടുവിൽ പിടിയിൽ

#ന്യൂസ് ഡെസ്ക്

തിരുവല്ല: ചതുപ്പിൽ മൂന്നുവർഷംമുമ്പ് എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മ പോലീസ് പിടിയിലായി. പാലക്കാട് കന്നിമാരി മീൻകര ചെമ്മണാമ്പതി ഇസക്കിയുടെ ഭാര്യ മഞ്ജു (38) ആണ് അറസ്റ്റിലായത്. ഒന്നും രണ്ടും പ്രതികളായ നാടോടികളായ ശിവൻ, സഹോദരൻ ശക്തി എന്നിവർ ഒളിവിലാണ്.

മഞ്ജുവിന്റെ സുഹൃത്ത് ശിവനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 2023 ഓഗസ്റ്റ് 12-നാണ് കുഞ്ഞിന്റെ മൃതദേഹം വളഞ്ഞവട്ടം പള്ളിയോട് ചേർന്നുള്ള ചതുപ്പിൽ കണ്ടെത്തുന്നത്. പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മീൻകട ഡാമിന് സമീപമുള്ള ചെമ്മണ്ണത്തോട് എസ്.ടി. കോളനിയിലെ പ്രമോട്ടറായിരുന്നു മഞ്ജു. നാടോടി കുടുംബമായിരുന്നു ഇവരുടേത്. ഭർത്താവുമായി തെറ്റിയ മഞ്ജു കുഞ്ഞുമായി നാടുവിട്ടു. ആലപ്പുഴയിൽവെച്ച് പരിചയപ്പെട്ടതാണ് നാടോടിയായ ശിവനെ. തുടർന്ന് ചങ്ങനാശ്ശേരിയിലെ കടത്തിണ്ണകളായിരുന്നു താമസസ്ഥലം.

മഞ്ജുവും ശിവനും ചങ്ങനാശ്ശേരിയിലെ കടത്തിണ്ണയിൽ രാത്രിയിൽ ഒരുമിച്ചിരിക്കുമ്പോൾ കുട്ടി കരഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശിവൻ, കുട്ടിയുടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയായിരുന്നു. മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ശിവൻ അനുജനായ ശക്തിയെ വിളിച്ചുവരുത്തി. ശക്തിയുടെ സ്കൂട്ടറിൽ ശിവനും മഞ്ജുവും ചേർന്ന് മൃതദേഹം വളഞ്ഞവട്ടത്തെ ചതുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ശിവനുമായി പിണങ്ങിയ മഞ്ജു നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാതിരുന്നത് നാട്ടുകാരിൽ സംശയത്തിന് ഇടയാക്കി.

സ്ഥലത്തെ എസ്.ടി. പ്രമോട്ടർ വിവരം മീനാക്ഷിപുരം പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തായത്. മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ മഞ്ജു കുറ്റം സമ്മതിച്ചു. പുളിക്കീഴിൽനിന്ന് പോലീസ് എത്തി മഞ്ജുവിനെ കസ്റ്റഡിയിൽ വാങ്ങി. എസ്.എച്ച്.ഒ. പി.എസ്.ധന്യയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. മഞ്ജുവിനെ റിമാൻഡുചെയ്തു.

Content Highlights: An 8-month-old infant's death from three years ago in a Thiruvalla swamp has been confirmed as murder., The child's mother, Manju (38), has been arrested by the police., The primary accused, Sivan, and his brother Shakti are currently absconding., The murder occurred due to the baby crying while the mother and her friend were staying on a Changanassery veranda.