കണ്ണൂരിലെ വീട്ടിലെ മോഷണശ്രമം പ്രവാസി ഗൾഫിലിരുന്ന് കണ്ടു; അയൽക്കാരൻ ടോർച്ചടിച്ചതോടെ കള്ളന്മാർ ഓടി

പാനൂര്(കണ്ണൂര്): പ്രവാസിയുടെ അടച്ചിട്ട വീട്ടില് മോഷണം നടത്താനുള്ള ശ്രമം തടഞ്ഞു. ഗള്ഫിലുള്ള വീട്ടുടമസ്ഥന്റെ ഫോണില് പതിഞ്ഞ സി.സി.ടി.വി. ദൃശ്യങ്ങളാണ് തടയിടാന് സഹായിച്ചത്.
സെന്ട്രല് കുന്നോത്തുപറമ്പിലെ സുനില്കുമാറിന്റെ വീട്ടില് ബുധനാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. തൊട്ടടുത്ത് താമസിക്കുന്നത് പി.ആര്. കുറുപ്പ് സ്മാരക സഹകരണ ആസ്പത്രി മെഡിക്കല് ഓഫീസര് ഡോ. കെ.കെ.രവീന്ദ്രനാണ്. രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഗള്ഫിലുള്ള വീട്ടുടമസ്ഥന് സുനില്കുമാറിന്റെ ഫോണ്സന്ദേശം ലഭിക്കുന്നത്. ഉടനെ ഡോക്ടര് ടോര്ച്ചടിച്ച് പരിശോധിക്കുമ്പോഴേക്കും രണ്ടംഗസംഘം ഓടിരക്ഷപ്പെട്ടിരുന്നു. വീടിന്റെ പിന്ഭാഗത്തുള്ള പൂട്ട് പൊളിച്ച നിലയിലാണുള്ളത്.
കമ്പിപ്പാര സമീപത്ത് കണ്ടെത്തി. ഒരാള് ടീഷര്ട്ടും പാന്റ്സും ധരിച്ച് മുഖം ടവല്കൊണ്ട് മറച്ച നിലയിലാണ്. വീടിന്റെ മുന്ഭാഗത്തെ ഗേറ്റ് അടച്ചിട്ട നിലയില്ത്തന്നെയാണ്. ഗള്ഫിലുള്ള സുനില്കുമാറും ഭാര്യ ജിഷയും ഏതാനും മാസംമുന്പാണ് നാട്ടില് വന്നത്. നേരത്തേയും വീട്ടില് മോഷണശ്രമം നടന്നിരുന്നു. കൊളവല്ലൂര് പോലീസ് സ്ഥലത്തെത്തി.
Content Highlights: theft attempt in panoor kannur