കസ്റ്റഡിയിലെടുത്ത JCB സ്റ്റേഷൻ പരിസരത്തുനിന്ന് കടത്തി, മറ്റൊന്ന് കൊണ്ടുവെക്കാൻ ശ്രമം; 5 പേർ പിടിയിൽ

#സ്വന്തം ലേഖിക
പകരം കൊണ്ടുവെക്കാനെത്തിച്ച ജെസിബി | ഫോട്ടോ: മാതൃഭൂമി
പകരം കൊണ്ടുവെക്കാനെത്തിച്ച ജെസിബി | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ച കേസിൽ അ‍ഞ്ചുപേരെ  മുക്കം പോലീസ് അറസ്റ്റ് ചെയ്തു. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ജെസിബി ആണ് ഉടമയുടെ നേതൃത്തിലുള്ള സംഘം കടത്തിയത്. പകരം മറ്റൊരു ജെസിബി കൊണ്ടുവെക്കുകയും ചെയ്തു. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാർ, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

തൊട്ടുമുക്കത്ത് കഴിഞ്ഞമാസം 19-ന്  രാത്രി ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സുധീഷ് മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ജെസിബി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനോട് ചേർന്ന കോമ്പൗണ്ടിലാണ് ജെസിബി സൂക്ഷിച്ചിരുന്നത്. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ ജെസിബി കടത്തിക്കൊണ്ടുപോയത്. പകരം വെക്കാനുള്ള ജെസിബിയുമായി പ്രതികൾ എത്തിയപ്പോൾ ശബ്ദം കേട്ട് പോലീസെത്തിയതോടെ പ്രതികൾ കാറിൽ കയറി  രക്ഷപ്പെട്ടു. ഈ വാഹനത്തിന്റെ നമ്പർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പ്രതികളിലൊരാളുടെ പുന്നക്കലിലെ ബന്ധുവീട്ടിൽനിന്ന് അപകടം ഉണ്ടാക്കിയ ജെസിബിയും പോലീസ് കണ്ടെടുത്തു. അപകടമുണ്ടാക്കിയത് ഇൻഷുറൻസ് ഇല്ലാത്ത ജെസിബി ആയിരുന്നതിനാലാണ് ആ ജെസിബി കടത്തിക്കൊണ്ടുപോയി മറ്റൊന്ന് പകരംവെക്കാൻ ശ്രമം നടത്തിയതെന്ന് മുക്കം പോലീസ് പറഞ്ഞു. ഇൻഷുറൻസുള്ള മറ്റൊരു ജെസിബിയാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിച്ചതെന്നും പോലീസ് അറിയിച്ചു.

Content Highlights: The detained JCB was smuggled out of the station premises and another one was brought, Kozhikode