രാത്രി പെൺകുട്ടിയുടെ മുറിയിൽകയറി യുവാവ്; വീട്ടുകാർ പൂട്ടിയിട്ടു, കൂട്ടുകാരെത്തി വീട് അടിച്ചുപൊളിച്ചു

താമരശ്ശേരി: അർധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചുകയറിയ യുവാവിനെതിരെ പോക്‌സോ കേസ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് കേസെടുത്തത്. യുവാവിനെ വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടതോടെ സുഹൃത്തുക്കളെത്തി വീട് തല്ലിപ്പൊളിക്കുകയും അക്രമം കാട്ടുകയും ചെയ്തു. ഈ സംഭവത്തിൽ ഏഴുപേർക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമാണ് സംഭവം. രാത്രി പെൺകുട്ടിയുടെ ശബ്ദംകേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ മുറിയിൽകണ്ട്, മുറി പൂട്ടുകയായിരുന്നു. പുറത്തിറങ്ങാൻ കഴിയാതായതോടെ മുറിക്കകത്തുനിന്ന് യുവാവ് ഫോണിൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇതോടെ സുഹൃത്തുക്കളെത്തി വീട്ടുകാരെ മർദിച്ച് വീട് അടിച്ചുപൊളിക്കുകയും യുവാവിനെ ബലം പ്രയോഗിച്ച് വീട്ടിൽനിന്ന് കൊണ്ടുപോകുകയുമായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ ഏഴുപേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകൾക്കുനേരെയുള്ള ആക്രമം, മർദനം, വീട് തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ (19), വി.കെ ഷിഹാസ് (19), മുഹമ്മദ് ആഷിക് (19) എന്നിവർ പിടിയിലായിട്ടുണ്ട്.
Content Highlights: 19-year-old Mishbahul arrested for trespassing into a minor's room, POCSO case registered at Thamarassery police station, Accused's friends assaulted the family and damaged property, Three accomplices arrested for assault and vandalism