രാത്രിയിൽ പൂർണനഗ്നനായി വീടുകളിലെത്തും, കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശ്ശേരിയിൽ തലവേദനയായി അജ്ഞാതൻ

താമരശ്ശേരി: രാത്രിയിൽ പൂർണനഗ്നനായി വീടുകൾക്ക് മുന്നിലെത്തും, കോളിങ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തും. വാതിൽ തുറക്കുന്നവർ ആരെയും കാണില്ല. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെയാണ് താരമരശ്ശേരിയിലെ ആളുകൾ ആശങ്കയിലായത്.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻവശത്തുള്ള വെഴുപ്പൂർ ഒതയോത്ത് ഭാഗത്തെ വീട്ടുമുറ്റങ്ങളിലാണ് മുഖം മറച്ച നിലയിൽ പൂർണനഗ്നനായ അജ്ഞാതനെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭ്യമായ വീട്ടിൽ, ആദ്യം കിടപ്പുമുറിയുടെ ജനലിന്റെ ഭാഗത്താണ് ഇയാളെ കണ്ടത്. തുടർന്ന് വീടിന്റെ പിൻഭാഗത്തുകൂടി മുന്നിലെത്തി കോളിങ് ബെല്ലടിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ വീടിന്റെ ഒരുവശത്തേക്ക് മാറി. തുടർന്ന് വീട്ടുകാർ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴേക്കും അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപും താമരശ്ശേരി കാരാടിയിൽ സമാന സംഭവമുണ്ടായിരുന്നു. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ മുഖത്ത് അജ്ഞാതൻ തുണിയിൽ ശേഖരിച്ച ശുചിമുറി മാലിന്യം പുരട്ടി.
സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും മോഷ്ടിക്കുന്ന സംഭവങ്ങളും ഈ പ്രദേശത്ത് പതിവായി റിപ്പോർട്ട് ചെയ്തിരുന്നു. രാത്രിസമയങ്ങളിൽ കോളിങ് ബെല്ലോ അസ്വാഭാവിക ശബ്ദങ്ങളോ കേട്ടാൽ ആരാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാതിൽ തുറക്കാവൂ എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Unidentified naked man spotted on CCTV in Thamarassery., Intruder rings doorbells at night to terrorize residents., Previous incidents include harassment and theft of personal items., Police and local community have issued a public safety warning., Residents advised to verify identity before opening doors at night.