പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
ഇസ്മയിൽ
ഇസ്മയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ പിടിയിലായത്.

ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

ധർമടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ പരാതിക്കാരിയെ സമീപിച്ച് ഒരുവർഷത്തേക്ക് പലിശരഹിതമായി സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാകാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയംവെച്ച അതേ സ്വർണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.

2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങൾ പരാതിക്കാരിയിൽനിന്ന് കൈക്കലാക്കി. കൂടാതെ സ്വർണം തിരികെനൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി.

പണം കൈപ്പറ്റിയ ശേഷവും പണയംവെച്ച സ്വർണമോ നൽകിയ പണമോ തിരികെ നൽകാതിനെത്തുടർന്ന് ധർമടം പോലീസിൽ പരാതി നൽകി. കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ. പ്രകാശൻ (66), വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി മുഹമ്മദ് സി. ഷിബിൽ (39), ഏജന്റുമാരായ വടക്കുമ്പാട് സ്വദേശി അബ്ദുസലിം (54), എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി അഫ്സൽ (47) എന്നിവർ നേരത്തെ അറസ്റ്റിലായി. പ്രതികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 35-ഓളം കേസുകളുമുണ്ട്.

തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം ധർമടം എസ്.ഐ. ജെ.ഷജീം, സി.പി.ഒ. ഹരിനാഥ്‌, തലശ്ശേരി എ.എസ്.പി. സ്ക്വാഡ് സി.പി.ഒ.മാരായ രതീഷ്, ശ്രീലാൽ എന്നിവർ ചേർന്നാണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചത്.

Content Highlights: Thalassery police arrest main accused in a gold loan fraud case in Kochi. Learn how fraudsters cheated a homemaker by promising interest-free gold loans.