ഫസൽ വധക്കേസ്: 'എലി കൊണ്ടുപോയ' തൂവാല കിട്ടി, നിർണായക തെളിവ്

#ന്യൂസ് ഡെസ്ക്

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ രക്തംപുരണ്ട തൂവാല കണ്ടെടുത്തു. കേസിലെ പ്രധാന തൊണ്ടിമുതലായ തൂവാല കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി എറണാകുളം സിജെഎം കോടതിയോട് വിശദീകരണം തേടിയിരുന്നു. സിജെഎം കോടതിയിൽ നിന്നായിരുന്നു തൂവാല കാണാതായത്.

കേസിലെ നിർണായകമായ തെളിവ് എലി കരണ്ടുപോയി എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരായിരുന്നുവെന്ന് വരുത്തി തീർക്കാൻ രക്തം പുരണ്ട തൂവാല കൊണ്ടുപോയിട്ടുവെന്നായിരുന്നു പരാതി. കോടതിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ഈ തൂവാല കണ്ടെത്തി എന്നാണ് ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സിബിഐ കോടതിയിൽ വിചാരണക്കിടെയാണ് ഈ തൂവാല ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഈ നിർദേശപ്രകാരം ഹാജരാക്കിയ കവറിൽ തൂവാല ഉണ്ടായിരുന്നില്ല. പകരം തൂവാല എലി കരണ്ടുപോയതാകാമെന്ന കുറിപ്പായിരുന്നു ഉണ്ടായിരുന്നത്. ഈ വാദം കോടതി മുഖവിലയ്‌ക്കെടുത്തിരുന്നില്ല. തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിജെഎം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് വരാനിരിക്കെയാണ് തൂവാല കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.

കേസിൽ നിർണായക തെളിവായാണ് കേസ് അന്വേഷിക്കുന്ന സിബിഐ വിലയിരുത്തുന്നത്. ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രതികൾ സമീപത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ താമസിക്കുന്ന സ്ഥലത്തിനടുത്ത് കൊണ്ടുപോയിട്ടു. ഇത് അന്വേഷണം മനപൂർവം വഴിതെറ്റിക്കുന്നതിനും സാമുദായിക സംഘർഷം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. അക്കാര്യം തെളിയിക്കാനുള്ള പ്രധാനപ്പെട്ട തെളിവായിരുന്നു തൂവാല.

Content Highlights: The blood-stained towel in the Fazal murder case was missing from the CJM court., Initial reports suggested the evidence was damaged by rats., The CBI court demanded a detailed explanation and investigation., The towel is a crucial piece of evidence to prove attempts to misdirect the investigation., The evidence has now been recovered and reported to the court.