തലശ്ശേരിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം: മൂന്നാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. സംഭവം നടന്നിട്ട് മൂന്നാഴ്ച പിന്നിട്ടു. ജൂൺ 18-ന് ഉച്ചയ്ക്കാണ് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ സ്ഫോടനം നടന്നത്. പറമ്പിൽ തേങ്ങയെടുക്കാനെത്തിയ എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം കുടക്കളം ആയിനാട്ട് മീത്തൽ പറമ്പിൽ ആയിനിയാട്ട് വേലായുധനാണ് (85)ബോംബ് പൊട്ടി മരിച്ചത്. സംഭവം സംബന്ധിച്ച് അസ്വഭാവിക മരണത്തിന് തലശ്ശേരി പോലീസ് കേസെടുത്തു.
സ്ഫോടകവസ്തു കൈകാര്യംചെയ്തതും ബോംബെത്തിയത് സംബന്ധിച്ചുമാണ് അന്വേഷണം. പ്രദേശം ബോംബ് നിർമാണ ഹബ്ബാണെന്ന് വോലായുധന്റെ അയൽവാസിയായ സീന വെളിപ്പെടുത്തിയിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഷാഫി പറമ്പിൽ എം.പി.യോടാണ് സീന ഇത്തരത്തിൽ പറഞ്ഞത്.
സീനയുടെ വെളിപ്പെടുത്തൽ പിന്നീട് ഏറെ ചർച്ചയായി. ബോംബ് വീട്ടിൽനിന്ന് ലഭിച്ചതാണോ അല്ല വേലായുധൻ കൊണ്ടുവന്നതാണോ എന്നതുൾപ്പെടെ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇത് സംബന്ധിച്ച് സമീപവാസികളുടെയും വേലായുധനെ സംഭവത്തിന് തൊട്ടുമുൻപ് കണ്ടവരുടെയും മൊഴിയെടുത്തു. പരിസരത്തുള്ള ഒട്ടേറെപ്പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സംഭവത്തിലുൾപ്പെട്ടവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവശേഷം ബോംബ് സ്ഫോടനം നടന്ന വീട്ടിലും പരിസരത്തും ബോംബ് സ്ക്വാഡ് പലതവണ പരിശോധന നടത്തി.
Related News: രക്തസാക്ഷികളാകുന്നത് നിരപരാധികൾ; കണ്ണൂരിൽ തുടരുന്ന ബോംബിന്റെ ചോരക്കളി
വയനാട്, കോഴിക്കോട് റൂറൽ, കണ്ണൂർ സിറ്റി, റൂറൽ, കാസർകോട് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് ബോംബ് സ്ക്വാഡ് വിവിധ സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തി. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സ്റ്റീൽ ബോംബ് വീടിന്റെ തറയിൽ അടിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ വീടിന്റെ തറയ്ക്ക് കേടുപറ്റി. പഞ്ചായത്ത് ഓഫീസിനു സമീപത്തെ പരേതനായ കോൺഗ്രസ് നേതാവ് കണ്ണോളി മോഹൻദാസിന്റെ (വി.എം.മോഹൻദാസ്)വീട്ടുപറമ്പിലാണ് സംഭവം. കണ്ണൂർ റേഞ്ച് പോലീസ് ഡി.ഐ.ജി. തോംസൺ ജോസ്, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത്കുമാർ, എ.എസ്.പി. കെ.എസ്.ഷഹൻഷ തുടങ്ങിയവർ അന്ന് സ്ഥലത്തെത്തിയിരുന്നു.
Content Highlights: Investigation of Thalassery Eranholi bomb blast and death case, stalled