കള്ളന്‍ പൂട്ടിയ ഭണ്ഡാരം കള്ളന്‍തന്നെ തുറന്നു, കാശും കൊണ്ടുപോയി

Photo: AI generated image
Photo: AI generated image

നന്തിപുലം: തൃശൂര്‍ കിഴക്കേ കുമരഞ്ചിറ ഭഗവതീക്ഷേത്രത്തില്‍ നാലുമാസത്തോളമായി തുറക്കാത്ത ഭണ്ഡാരങ്ങള്‍ തുറന്ന ദേവസ്വം അധികൃതര്‍ കണ്ടത് കാലിഭണ്ഡാരങ്ങള്‍. പുറത്തെ പൂട്ട് തുറക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് അകത്തെ പൂട്ട് തുറന്നുകിടക്കുന്നതും അകത്തു കുറച്ച് ചില്ലറ മാത്രം കിടക്കുന്നതും കണ്ടത്. തുടര്‍ന്നാണ് മോഷണവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിന് സമീപത്തെയും നാലമ്പലത്തിനകത്ത് ശ്രീകോവിലിന് സമീപത്തെയും ഭണ്ഡാരങ്ങളില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്.

വ്യാഴാഴ്ച ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ തുറന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഒരുലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

ഭണ്ഡാരത്തിന്റെ പുറത്തെ പൂട്ട് പൊളിച്ചുമാറ്റിയ മോഷ്ടാക്കള്‍ കൈവശം കരുതിയ പൂട്ടുകൊണ്ട് ഭണ്ഡാരം പൂട്ടിവയ്ക്കുകയായിരുന്നു. ഈ താഴ് പഴയപടി പട്ടുതുണികൊണ്ട് പൊതിഞ്ഞ് കെട്ടിവച്ചതിനാല്‍ പുറത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് മോഷ്ടാക്കള്‍ കൈയിലുള്ള താക്കോലുമായെത്തി പലപ്പോഴായി പൂട്ടുതുറന്ന് പണം കൊണ്ടുപോയിരിക്കാമെന്നാണ് നിഗമനം.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവഞ്ചിക്കുളം ഗ്രൂപ്പ് ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ ജൂണ്‍ ഇരുപതിനാണ് അവസാനമായി ഭണ്ഡാരങ്ങള്‍ തുറന്നത്. ഇതിനുശേഷം രാമായണമാസാചരണം, ഓണം, നവരാത്രി ആഘോഷം, തൊട്ടടുത്ത രാമപുരം ക്ഷേത്രത്തിലെ ഭാഗവതസപ്താഹം എന്നിവ നടന്നിരുന്നു. ഇക്കാലയളവില്‍ ധാരാളം ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ദേവസ്വം അസി. കമ്മിഷണര്‍ എം.ആര്‍. മിനി, ദേവസ്വം ഓഫീസര്‍ പി.കെ. അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭണ്ഡാരം തുറക്കാന്‍ എത്തിയത്. പൂട്ട് തുറക്കാന്‍ കഴിയാതെ വന്നപ്പോള്‍ തുരുമ്പെടുത്തതാണെന്ന ധാരണയില്‍ ബലംപ്രയോഗിച്ച് പൂട്ട് തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്തെ പൂട്ട് തുറന്നുകിടക്കുന്നത് കണ്ടത്. ക്ഷേത്രസമിതി ഭാരവാഹികള്‍ പോലീസില്‍ പരാതിപ്പെട്ടു. പുതുക്കാട് പോലീസും ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കര്‍ത്ത എന്നിവരും വെള്ളിയാഴ്ച സ്ഥലത്തെത്തി.

Content Highlights: Shocking temple theft! A thief managed to open a locked Hundi, stealing over 1 lakh rupees. Find out how the crime was discovered and the details of the audacious heist.