തീവണ്ടിപ്പാളത്തിൽ ടെലിഫോൺ പോസ്റ്റ്; പിടിയിലായവർ SI-യെ തല്ലിയതിനടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതികൾ

കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ ടെലിഫോണ്‍ പോസ്റ്റ് കുറുകെവെച്ച നിലയില്‍, ഇന്‍സൈറ്റില്‍ പ്രതികളായ രാജേഷ്, അരുണ്‍ എന്നിവര്‍
കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ ടെലിഫോണ്‍ പോസ്റ്റ് കുറുകെവെച്ച നിലയില്‍, ഇന്‍സൈറ്റില്‍ പ്രതികളായ രാജേഷ്, അരുണ്‍ എന്നിവര്‍

കൊല്ലം: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവരെ ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സമീപവാസിയാണ് ട്രാക്കില്‍ പോസ്റ്റ് കണ്ടെതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. ഇയാളുടെ അവസരോചിതമായ ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു. 

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പാളത്തില്‍ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പോലീസെത്തി നീക്കംചെയ്തു. എന്നാല്‍, രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തില്‍ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു സംഭവം. അട്ടിമറിസാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍

എഴുകോണ്‍: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ കുണ്ടറയ്ക്കും എഴുകോണിനുമിടയില്‍ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ രാജേഷും അരുണും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതികളെന്ന് പോലീസ്. കുണ്ടറയില്‍ എസ്.ഐ.യെ ആക്രമിച്ച കേസിലടക്കം പ്രതികളാണിവര്‍. ടെലിഫോണ്‍ പോസ്റ്റിനൊപ്പമുള്ള കാസ്റ്റ് അയണ്‍ വേര്‍പെടുത്തി ആക്രിയായി വില്‍ക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് കുറുകേവെച്ചതെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. 

വണ്ടിതട്ടി മുറിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അട്ടിമറിസാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍പ്പേര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ പെരുമ്പുഴയിലെ ബാറിനുസമീപത്തുനിന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞ സ്‌കൂട്ടര്‍ രണ്ടുദിവസംമുന്‍പ് പോലീസിന്റെ രാത്രിപരിശോധനയില്‍ കണ്ടിരുന്നു. മുഖസാദൃശ്യവും പരിശോധിച്ചശേഷമാണ് ഇവരെ പിടികൂടിയതെന്ന് റൂറല്‍ എസ്.പി. കെ.എം. സാബുമാത്യു പറഞ്ഞു.

റെയില്‍വേ പാളത്തില്‍ പോസ്റ്റ് ആദ്യം കണ്ടത് സമീപവാസി 

എഴുകോണ്‍: പാളത്തില്‍ പോസ്റ്റ് കുറുകേവെച്ചത് ആദ്യം കണ്ടത് സമീപവാസി വിഷ്ണുവായിരുന്നു. തുടര്‍ന്ന് കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ ആനന്ദിനെ വിളിച്ചറിയിച്ചു. ആനന്ദ് കുണ്ടറ റെയില്‍വേ സ്റ്റേഷനിലും എഴുകോണ്‍ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എഴുകോണ്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയില്‍വേ പോലീസില്‍ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും കുണ്ടറ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ 3.30-ന് ട്രാക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം കിടക്കുന്നത് കണ്ടെത്തി. രണ്ടുതവണ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടതോടെ അട്ടിമറിശ്രമമാണോ എന്ന ആശങ്കയായി. 

പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകള്‍ക്കുമുന്‍പ് രണ്ടുതവണ ട്രാക്കിനു കുറുകേ പോസ്റ്റിന്റെ ഭാഗം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. റെയില്‍വേ ട്രാക്കിന് 100 മീറ്റര്‍ ദൂരത്ത് ദേശീയപാതയോരത്തുനിന്ന ടെലിഫോണ്‍ പോസ്റ്റാണ് ട്രാക്കിനുകുറുകേ െവച്ചിരുന്നതെന്ന് രാവിലെതന്നെ കണ്ടെത്തി. രാത്രി 12 മണിയോടെ രണ്ട് യുവാക്കള്‍ പോസ്റ്റിനുസമീപം നില്‍ക്കുന്നതിന്റെയും 12.15-ഓടെ പോസ്റ്റ് പിഴുത് ദേശീയപാത കുറുകേകടന്ന് കൊണ്ടുപോകുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവരെ ചുറ്റിപ്പറ്റിയാണ് ആദ്യം അന്വേഷണം നടത്തിയത്. 

കൂടാതെ, ശനിയാഴ്ച രാവിലെ എട്ടുമണിയോടെ സംഭവം നടന്ന സ്ഥലത്ത് ആക്രിപെറുക്കാന്‍ എത്തിയ തെങ്കാശി സ്വദേശികളായ ദമ്പതിമാരെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തി. പഴയ ടെലിഫോണ്‍ പോസ്റ്റിന്റെ കാസ്റ്റ് അയണ്‍ വരുന്ന ഭാഗം എടുക്കുന്നതിനുവേണ്ടി ട്രാക്കില്‍ കൊണ്ടുെവച്ചതാകാം എന്നും പോലീസ് സംശയിച്ചിരുന്നു. പുനലൂര്‍ റെയില്‍വേ പോലീസ്, ആര്‍.പി.എഫ്., മധുര റെയില്‍വേ ക്രൈംബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിലും കുണ്ടറ പോലീസിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം തുടങ്ങിയത്. 

വൈകീട്ട് അഞ്ചുമണിയോടെ കുണ്ടറ പോലീസ് എസ്.എച്ച്.ഒ. പി. രാജേഷ്, എസ്.ഐ. പി.കെ. പ്രദീപ്, എസ്.ഐ. പി.സച്ചിന്‍ ലാല്‍, സി.പി.ഒ.മാരായ ആര്‍. രാജേഷ്, എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്തുവരികയാണ്. പഴുതടച്ചുള്ള അന്വേഷണം വേണമെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു. 

Content Highlights: telephone post found in railway track at kollam culprits arrested by kerala police