ബൈക്ക് വേണം, പിറന്നാളാഘോഷിക്കണം; സഹപാഠിയെ കൊന്ന് മൃതദേഹം കത്തിച്ചു; തെളിവ് നശിപ്പിക്കാൻ ദൃശ്യം മോഡൽ ശ്രമം

#ന്യൂസ് ഡെസ്ക്
അന്വേഷണ സംഘം | പ്രതികളിലൊരാളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
അന്വേഷണ സംഘം | പ്രതികളിലൊരാളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

മുംബൈ: പിറന്നാൾ ആഘോഷിക്കണം, ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങണം, അടിച്ചുപൊളിച്ചു ജീവിക്കണം.. എല്ലാത്തിനും പണം വേണം, അതിനായി ആ രണ്ട് പ്ലസ്ടു വിദ്യാർഥികൾ കണ്ടെത്തിയ മാർഗം മുംബൈ പോലീസിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം സഹപാഠിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, കുത്തി കൊലപ്പെടുത്തി, മുഖം കല്ലുകൊണ്ട് ഇടിച്ചുചതച്ചു, മൃതദേഹം കത്തിച്ചു.. രണ്ട് സുഹൃത്തുക്കളും ചേർന്ന് ഈ ക്രൂരകൃത്യം ചെയ്തത് എന്തിനെന്നോ, ആ പതിനേഴുകാരന്റെ കഴുത്തിൽ കിടന്ന സ്വർണമാലയ്ക്കായി.

താനെയിലെ ആസാദ് നഗർ നിവാസികളായ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളാണ്, തങ്ങളുടെ സുഹൃത്തിന്റെ ഒരുലക്ഷം രൂപയോളം വിലവരുന്ന 7 ഗ്രാം തൂക്കമുള്ള സ്വർണമാല കവരാനായി ഈ കുറ്റകൃത്യം നടത്തിയത്. കൃത്യം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രതികൾ ദൃശ്യം-3 സിനിമ കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമയിൽ കാണിക്കുന്നതിന് സമാനമായാണ് പ്രതികൾ പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തിയത്.

17-കാരനെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാസർവടവലി പോലീസ് സുഹൃത്തുക്കളായ പ്രതികളുടെ അടുത്തേക്ക് എത്തിയത്. പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, സെപ്റ്റംബർ 24-ന് വൈകുന്നേരം ഏഴുമണിയോടെയാണ് കൊല്ലപ്പെട്ട കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്, എന്നാൽ പിന്നീട് അവൻ തിരികെ എത്തിയില്ല. തുടർന്ന് അടുത്ത ദിവസം കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തത്.

പ്രാഥമിക അന്വേഷണത്തിനിടയിൽ, ബ്രഹ്‌മാണ്ഡ് സർക്കിളിന് എതിർവശത്തുള്ള റോഡിൽവെച്ച് വെള്ള ആക്ടീവ സ്‌കൂട്ടറിൽ തിരിച്ചറിയാത്ത ഒരു യുവാവിനൊപ്പം കാണാതായ കുട്ടി പോകുന്നത് കണ്ടു എന്നാണ് പ്രതികളിലൊരാൾ കുട്ടിയുടെ കുടുംബത്തോടും പോലീസിനോടും പറഞ്ഞത്. സംശയം ഒഴിവാക്കാനായി പ്രതി ദുഃഖിതനായി അഭിനയിക്കുകയും ചെയ്തു. കാണാതെപോയ കുട്ടിയെ കണ്ടെത്താനായി പോലീസ് ഉദ്യോഗസ്ഥർ കുറഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, എന്നാൽ തുടക്കത്തിൽ യാതൊരു വിവരവും ലഭിച്ചില്ല.

എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ, ഈ രണ്ട് കുട്ടികളും പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെക്കുന്നുണ്ടെന്ന് പോലീസിന് സംശയം തോന്നി. അവർ മൊബൈൽഫോൺ വിവരങ്ങൾ വിശകലനം ചെയ്യുകയും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ, പ്രതികളിലൊരാൾ കുറ്റം സമ്മതിക്കുകയും മൃതദേഹം തള്ളിയ സ്ഥലം പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

സെപ്റ്റംബർ 24 രാത്രിയിൽ സിഗരറ്റ് വലിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഘോഡ്ബന്ദർ റോഡിലെ ബ്രഹ്‌മാണ്ഡ് ഫേസ് 2-ന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് സഹപാഠിയെ വിളിച്ചുവരുത്തിയത് എന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അവിടെവെച്ച്, കത്തികൊണ്ട് പലതവണ കുത്തുകയും മുഖം കല്ലുകൊണ്ട് ചതയ്ക്കുകയും ചെയ്ത ശേഷം മൃതദേഹം പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. അടുത്ത ദിവസം, തെളിവ് നശിപ്പിക്കാനായി ഇരുവരും പെട്രോളുമായി സംഭവസ്ഥലത്ത് തിരിച്ചെത്തി മൃതദേഹം കത്തിക്കുകയായിരുന്നു.

പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ പോലീസ് പകുതി കത്തിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷവും പോലീസിനെ തെറ്റായ വഴിയിലേക്ക് നയിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതികൾ കുട്ടിയുടെ മൊബൈൽ ഫോൺ ഓടുന്ന ബസിലേക്ക് എറിഞ്ഞിരുന്നു.

ദൃശ്യം സിനിമയിൽ കാണിക്കുന്നത് പോലെ, കാണാതായ കുട്ടിയുടെ ഫോണും ടവർ ലൊക്കേഷൻ വിവരങ്ങളും ട്രാക്ക് ചെയ്യുമ്പോൾ മാറിക്കൊണ്ടിരിക്കുന്ന ലൊക്കേഷൻ കാണിച്ച് പോലീസിനെ വഴിതെറ്റിക്കുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം. പ്രായപൂർത്തിയാകാത്ത ഈ രണ്ട് പ്രതികൾക്കുമെതിരെ കാസർവടവലി പോലീസ് ബിഎൻഎസിലെ (BNS) സെക്ഷൻ 103(1) (കൊലപാതകം), സെക്ഷൻ 238 (തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

'പ്രതികളായ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് തെളിവുകൾ നശിപ്പിക്കുന്നതിനെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. അതേസമയം, ഇവർ രണ്ടുപേരും പഠനത്തിൽ വളരെ പിന്നാക്കമായിരുന്നു എന്നതാണ് വസ്തുത. സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനും മോട്ടോർ സൈക്കിൾ വാങ്ങാനുമുള്ള ആഗ്രഹമാണ് കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യം-3 സിനിമ കണ്ട ശേഷമാണ് അവർ ഈ കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയത്,' സോൺ-V ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) പ്രശാന്ത് കദം പറഞ്ഞു.

Content Highlights: Two underage students in Mumbai brutally murdered a classmate to steal his gold chain, valued at approximately one lakh rupees, to fund personal desires like birthday celebrations and purchasing a motorcycle. The students attempted to mislead the police by destroying evidence and mimicking tactics from the movie "Drishyam-3," including misleading mobile phone tracking and acting innocent.