പീഡന, മതപരിവർത്തന കേസ്: 9 FIR, എട്ടുപേർ അറസ്റ്റിൽ; TCS നാസിക് ബിപിഒ പ്രവർത്തനം നിർത്തി

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് (BPO) കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ വ്യാഴാഴ്ച കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകി. തൊഴിലിടത്തിൽ വർഷങ്ങളോളം നീണ്ടുനിന്ന മാനസിക പീഡനങ്ങളും മതപരമായ വിവേചനങ്ങളും പുറത്തുവന്നതോടെയാണ് ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നത്.
വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. മാത്രമല്ല, ഈ സംഭവത്തെക്കുറിച്ച് കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതികളെത്തുടർന്ന് പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നിൽ മറ്റ് വിദേശ ബന്ധങ്ങളോ സാമ്പത്തിക ഉറവിടങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാൻ വിവിധ അന്വേഷണ ഏജൻസികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ലൈംഗിക പീഡനം, മാനസിക പീഡനം, മതപരമായ വിവേചനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ടിസിഎസ് കേന്ദ്രം നിരീക്ഷണത്തിലായത്.
വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കുറഞ്ഞത് എട്ട് വനിതാ ജീവനക്കാരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാനും താൽപ്പര്യമില്ലാത്ത മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ജീവനക്കാരെ നിർബന്ധിച്ചിരുന്നതായും ആരോപണങ്ങളുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു പുരുഷ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ മതപരമായ പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും സംബന്ധിച്ച പരാതിയും ഉൾപ്പെടുന്നു. ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. മറ്റൊരു വനിതാ പ്രതി ഒളിവിലാണ്.
ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ജോലിസ്ഥലത്ത് ഒരു പ്രത്യേക സംഘത്തെപ്പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കർണിക് പറയുന്നു. പ്രധാനമായും വനിതാ ജീവനക്കാരെ ലക്ഷ്യംവെച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
'അറസ്റ്റിലായ ഈ ഏഴ് പുരുഷ ജീവനക്കാരും മിക്ക കേസുകളിലും കൂട്ടുപ്രതികളാണ്. ഇത് അവർ ഒരു സംഘമായി പ്രവർത്തിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. പ്രതികളിൽ ചിലർ ടീം ലീഡർമാരെപ്പോലെയുള്ള അധികാര സ്ഥാനങ്ങൾ വഹിച്ചിരുന്നവരാണ്. സഹപ്രവർത്തകരെ ഉപദ്രവിക്കാൻ ഈ പദവികൾ അവർ ദുരുപയോഗം ചെയ്തിരുന്നു.' കമ്മീഷണർ പറഞ്ഞു.
'പ്രതിപ്പട്ടികയിലുള്ള എച്ച്ആർ ഹെഡ് ആയ ഒരു വനിത, 'ഇതൊക്കെ സാധാരണയായി സംഭവിക്കുന്നതാണ്' എന്ന് പറഞ്ഞ് ഇരയെ പരാതി നൽകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും പ്രതികൾക്കൊപ്പം നിൽക്കുകയും ചെയ്തു. മതപരമായ പീഡനവുമായി ബന്ധപ്പെട്ട കേസിൽ മറ്റൊരു സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്.' കമ്മീഷണർ കൂട്ടിച്ചേർത്തു.
ഈ സംഘത്തിന് മറ്റ് രാജ്യങ്ങളിലെ ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ഏതെങ്കിലും തരത്തിലുള്ള ഫണ്ടിങ് ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ പോലീസ് സ്റ്റേറ്റ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് (SID), ഭീകരവിരുദ്ധ സേന (ATS), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) തുടങ്ങിയ ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്. 'കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് മാത്രമേ എന്തെങ്കിലും നിഗമനങ്ങളിൽ എത്താൻ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ.' കമ്മീഷണർ കർണിക് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആദ്യമായി പരാതി നൽകാനെത്തിയ യുവതിക്ക് കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറയാൻ ഭയവും മടിയും ഉണ്ടായിരുന്നു. എന്നാൽ പോലീസിന്റെ പിന്തുണയ്ക്കും കൗൺസിലിങ്ങിനും ശേഷമാണ് ഇവർ കാര്യങ്ങൾ തുറന്നുപറഞ്ഞത്. അതിനുശേഷമാണ് കൂടുതൽ ഇരകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതാണ് കേസിൽ ഒന്നിലധികം എഫ്ഐആറുകൾ ഉണ്ടാകാൻ കാരണമായതെന്ന് കമ്മീഷണർ പറയുന്നു.
ജീവനക്കാരുമായി ആശയവിനിമയം നടത്താനും പരാതികൾ പ്രോത്സാഹിപ്പിക്കാനും ഒരു വനിതാ ഡെപ്യൂട്ടി പോലീസ് കമ്മീഷണറെയും വനിതാ ഉദ്യോഗസ്ഥരെയും ഓഫീസിൽ വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 18-ന് ടിസിഎസ് ബിപിഒ യൂണിറ്റിൽ നേരിട്ട് അന്വേഷണം നടത്താൻ കമ്മീഷൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ലൈംഗിക പീഡന ആരോപണങ്ങൾ 'അങ്ങേയറ്റം ആശങ്കാജനകവും വേദനാജനകവുമാണ്' എന്നാണ് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. വസ്തുതകൾ കണ്ടെത്താനും ഇതിന്റെ ഉത്തരവാദികളെ തിരിച്ചറിയാനും ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആരതി സുബ്രഹ്‌മണ്യത്തിന്റെ കീഴിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
Content Highlights: TCS Nashik BPO operations suspended indefinitely. SIT investigating allegations of sexual abuse and religious coercion. Police registered nine FIRs with eight arrests made so far. NCW and Tata Sons have initiated independent fact-finding inquiries. Multiple agencies including ATS and NIA are evaluating larger links.