വീരമണി കേസ്: കുറ്റപത്രത്തിൽ മുൻ ചെന്നൈ പോലീസ് കമ്മിഷണറടക്കം ഏഴ് പോലീസുദ്യോഗസ്ഥൻമാരും

ചെന്നൈ: വ്യവസായ പ്രമുഖൻ ആർ. വീരമണി മുഖ്യപ്രതിയായ ലൈംഗികാതിക്രമപരമ്പരക്കേസിലെ ആദ്യ കുറ്റപത്രത്തിൽ മുൻ ചെന്നൈ പോലീസ് കമ്മിഷണർ എ. അരുൺ ഉൾപ്പെടെ ഏഴ് പോലീസുദ്യോഗസ്ഥരുടെ പേരും. കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 720 പേജുള്ള കുറ്റപത്രമാണ് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) കോടതിയിൽ സമർപ്പിച്ചത്. ജെം ഗ്രാനൈറ്റ്സ് ഉടമ വീരമണിയാണ് മുഖ്യപ്രതി. ഇയാളുടെ രണ്ടു ഡ്രൈവർമാർ കൂട്ടു പ്രതികളാണ്. കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നതാണ് പോലീസുദ്യോഗസ്ഥർക്കെതിരേയുള്ള കുറ്റം.
വീരമണി പ്രതിയായ മറ്റു കേസുകളിലായി കൂടുതൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കുമെന്ന് എസ്.ഐ.ടി വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വീരമണിയുടെ കേസിലെ അന്വേഷണ പുരോഗതി ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ ബെഞ്ചിനെ അറിയിക്കുമ്പോഴാണ് ആദ്യ കുറ്റപത്രം സമർപ്പിച്ച കാര്യം എസ്.ഐ.ടി വെളിപ്പെടുത്തിയത്.
ആദ്യ കേസിലെ കുറ്റപത്രമാണ് നൽകിയത്. അടുത്ത കേസിൽ ഒന്നിലധികം അതിജീവിതമാരുണ്ട്. കുറ്റപത്രവും ഒന്നിലധികമുണ്ടാവും. കൂടുതൽ കുറ്റപത്രങ്ങൾ സമർപ്പിച്ചശേഷം അന്വേഷണ പുരോഗതി മാധ്യമപ്രവർത്തകരുമായി പങ്കുവെക്കുമെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
വീരമണിക്കെതിരേ ഒൻപതു പോക്സോ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒൻപതുപേരെ അറസ്റ്റു ചെയ്തു. കേസന്വേഷണത്തിന്റെ പേരിൽ തമിഴ്നാട് പോലീസ് തന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി കാണിച്ച് വീരമണിയുടെ മകൾ അർച്ചന നൽകിയ ഹർജിയിൽ ഹൈക്കോടതി എസ്.ഐ.ടിക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ഈ ഹർജിയിൽ 17-ന് വാദം തുടരും.
Content Highlights: The initial charge sheet in a sexual assault case involving industrialist R. Veeramani includes seven police officers, including former Chennai Police Commissioner A. Arun, accused of inaction despite receiving complaints. The Special Investigation Team (S.I.T.) submitted a 720-page charge sheet against Veeramani, the main accused, and his two drivers, with further charge sheets expected in related cases. Nine POCSO cases have been registered against Veeramani, with nine arrests made; his daughter's petition alleging human rights violations by Tamil Nadu police is pending in the High Court.