ചാടിപ്പോയ പ്രതിയെ പിടികൂടിയത് പൊന്തക്കാട്ടില്‍നിന്ന്; 'ഇതൊക്കെ സിമ്പിളല്ലേ' എന്ന് പോലീസ്

കൊച്ചി: പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുറുവാസംഘത്തിലെ അംഗമെന്ന് സംശയിക്കുന്നയാളെ പിടികൂടിയത് പൊന്തക്കാട്ടില്‍നിന്ന്. നാലുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ കുണ്ടന്നൂരില്‍വെച്ചാണ് പ്രതി സന്തോഷ് ശെല്‍വത്തെ പിടികൂടിയത്. ആലപ്പുഴയിലേക്ക് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്..
പോലീസ് ജീപ്പില്‍നിന്ന് രക്ഷപ്പെട്ട ശേഷം ചെരിവുള്ള പ്രദേശത്തുനിന്ന് താഴേക്ക് ചാടുകയും അവിടെ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് സന്തോഷിനെ കണ്ടെത്തിയത്. പോലീസില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ കൈയില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ അധികദൂരം പോവാന്‍ സാധിച്ചില്ല. വിശദമായ ചോദ്യംചെയ്യലിനായി സന്തോഷിനെ ആലപ്പുഴയിലെ മണ്ണഞ്ചേരിയിലേക്ക് കൊണ്ടുപോയി. പിടികൂടിയതിനു പിന്നാലെ 'ഇതൊക്കെ സിമ്പിളല്ലേ' എന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.
മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
Content Highlights: suspected gang member arrested who escaped from custody earlier