അനുശ്രീയുടെ കാർ മോഷ്ടിച്ച പ്രതി പെട്രോൾ പമ്പിൽ കയറില്ല; CCTV കണ്ടുവെച്ച് നശിപ്പിക്കുന്നതും പതിവ്

കൊട്ടാരക്കര: ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാര് മോഷ്ടിച്ച പ്രബിന്, മോഷ്ടിച്ച വാഹനങ്ങളുമായി ഇന്ധനം നിറയ്ക്കാന് പെട്രോള് പമ്പുകളില് കയറില്ല. വഴിയരികില് നിര്ത്തിയിട്ടിരിക്കുന്ന ലോറികളില്നിന്നോ മറ്റു വാഹനങ്ങളില്നിന്നോ ഇന്ധനം ഊറ്റി, മോഷ്ടിച്ച വാഹനത്തില് ഉപയോഗിക്കുന്നതാണ് രീതി. മോഷണസ്ഥലത്തെ സി.സി.ടി.വി.ക്യാമറകള് നേരത്തേ കണ്ടുവയ്ക്കുകയും നശിപ്പിക്കുകയും ചെയ്യും. ഹാര്ഡ് ഡിസ്കുകള് പുഴയിലോ തോട്ടിലോ എറിയും.
മറ്റു വാഹനങ്ങളുടെ നമ്പര്പ്ലേറ്റ് ഇളക്കി, മോഷ്ടിച്ച വാഹനത്തില് സ്ഥാപിച്ച് യാത്രചെയ്യുന്നതിനാല് പെട്ടെന്നു കണ്ടെത്തുക പ്രയാസം. മോഷ്ടിച്ച വാഹനങ്ങളില് മറ്റേതെങ്കിലും സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില് കവര്ച്ച നടത്തിയശേഷം എവിടെയെങ്കിലും ഉപേക്ഷിക്കും.ഇഞ്ചക്കാട് വാഹനം മോഷ്ടിച്ച സ്ഥാപനത്തിനു സമീപമുള്ള സി.സി.ടി.വി.ദൃശ്യങ്ങള് പോലീസിനു ലഭിച്ചിരുന്നു. സമാനമോഷണങ്ങള് നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അനുശ്രീ ഉപയോഗിച്ചിരുന്ന കാര് മോഷ്ടിച്ച പ്രബിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് തെന്നൂര് നരിക്കല് സ്വദേശിയാണ്. ചോദ്യംചെയ്യലില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ഇയാള് നടത്തിയ വാഹനമോഷണങ്ങളുടെ ചുരുളഴിഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആന്ഡ് പാര്ക്കില്നിന്ന് കാര് മോഷണം പോയത്. കടയ്ക്കലില് വര്ക്ക്ഷോപ്പിനു മുന്നില് നിര്ത്തിയിട്ടിരുന്ന വാഹനത്തില്നിന്ന് ഇളക്കിയ നമ്പര് പ്ലേറ്റ് മോഷ്ടിച്ച കാറില് സ്ഥാപിച്ചു. തുടര്ന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബര് വ്യാപാരസ്ഥാപനത്തില്നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവര്ന്നു.
അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറില് എത്തിയ പ്രതി ഇവിടെ റബ്ബര് വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവര്ന്ന 400 കിലോയിലധികം റബ്ബര്ഷീറ്റ് പൊന്കുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാന് പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില് കാര് ഉപേക്ഷിച്ച് ബസില് തിരുവനന്തപുരത്തേക്കു പോയി. മോട്ടോര് സൈക്കിളില് വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്ഷനില് ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.
ഒട്ടേറെ ഇടങ്ങളില് സമാനമായി ഇയാള് വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ല് കല്ലമ്പലത്ത് കാര് മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിന് കഴിഞ്ഞ ജൂലായിലാണ് ജയിലില്നിന്നു പുറത്തിറങ്ങിയത്.
ഓഗസ്റ്റില് നെടുമങ്ങാട്ടുനിന്ന് കാര് മോഷ്ടിച്ചതായും പാലക്കാട് കുഴല്മന്ദം തേങ്കുറിശ്ശിയില് പെയിന്റുകടയില് മോഷണം നടത്തിയതായും പോലീസ് പറഞ്ഞു. സെപ്റ്റംബറില് ആലത്തൂരിലെ യൂസ്ഡ് കാര് ഷോറൂം, കാസര്കോട്ടെ യൂസ്ഡ് കാര് ഷോറൂം എന്നിവിടങ്ങളില്നിന്ന് കാറും ഷൊര്ണൂരില് വാഹന ഷോറൂമില്നിന്നു പിക്കപ്പ് വാനും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ഇതുള്പ്പെടെ പ്രതി ഉള്പ്പെട്ട എട്ട് മോഷണക്കേസുകള് തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോണ് കോളുകളും പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളില് വലയിലാക്കിയത്. കൊട്ടാരക്കര ഇന്സ്പെക്ടര് എസ്.ജയകൃഷ്ണന്റെ നേതൃത്വത്തില്, എസ്.ഐ.മാരായ എ.ആര്.അഭിലാഷ്, രജനീഷ്, വാസുദേവന്, രാജന്, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എന്.രാജേഷ്, ശ്യാം കൃഷ്ണന്, അരുണ് മോഹന്, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: suspect who stole actress Anusree car-did not enter the petrol pump