ഒളിച്ചോടിപ്പോയയുവതിയെ 'ശുദ്ധീകരിക്കാൻ' കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഭർത്താവും ബന്ധുക്കളും; മരത്തിൽ കെട്ടിയിട്ട് മർദിച്ചു

ഗാന്ധിനഗർ: ഭർത്താവിനെ ഉപേക്ഷിച്ച് സ്‌നേഹിക്കുന്നയാളോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ ശുദ്ധീകരിക്കാനെന്ന പേരിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ അടക്കം യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഒമ്പത് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.
ഈ ക്രൂരകൃത്യം മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുരേന്ദ്രനഗർ പോലീസ് നൽകിയ വിവരമനുസരിച്ച്, ഭർത്താവിനെ ഉപപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതി അയാൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. പിന്നാലെ, ഭർത്താവും ബന്ധുക്കളും ഇവരെ അന്വേഷിച്ച് കണ്ടുപിടിച്ച് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു എന്നാണ് വിവരം.
യുവതിയെ തിരികെ കൊണ്ടുവന്ന് വീടിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു. ഇവിടെനിന്നും രക്ഷപ്പെട്ട യുവതി വീണ്ടും താൻ സ്‌നേഹിക്കുന്നയാളുടെ അടുത്തെത്തി. ഇവർക്ക് രക്ഷപ്പെടാൻ കഴിയുന്നതിന് മുമ്പുതന്നെ പ്രതികൾ പിന്തുടർന്നെത്തുകയും ഇരുവരെയും പിടികൂടി സുരേന്ദ്രനനഗറിലേക്ക് തിരികെ കൊണ്ടുവന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം പ്രതികൾ മരക്കമ്പുകൾ ഉപയോഗിച്ചും അല്ലാതെയും മർദിക്കുകയും ചവിട്ടുകയും ചെയ്തു. തുടർന്ന്, എല്ലാവരും നോക്കിനിൽക്കെ ഒപ്പമുണ്ടായിരുന്ന യുവാവിനെക്കൊണ്ട് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. പ്രതികൾ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണിൽ പകർത്തി സൂക്ഷിച്ചു.
യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് ഈ ക്രൂരതകളെല്ലാം നടന്നത്. യുവതിക്കും യുവാവിനും നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിയുന്നത്. യുവതിയും ഒപ്പമുണ്ടായിരുന്നയാളും പീഡനത്തിന് ഇരയാകുന്ന വീഡിയോ ലഭിച്ചതിനെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതെന്ന് സുരേന്ദ്രനഗർ എസ്.പി. പ്രേംസുഖ് ദെലു പറഞ്ഞു.
പോലീസ് ആദ്യം യുവതിയെ കണ്ടെത്തുകയും അവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഭർത്താവിനെ ഉപപേക്ഷിച്ച് മറ്റൊരാളോടൊപ്പം ജീവിക്കാൻ പോയെന്നും, പിന്നാലെ ഭർത്താവ് തന്നെ പിടികൂടി വീട്ടിൽ തടഞ്ഞുവെച്ചെന്നും ചോദ്യം ചെയ്യലിൽ യുവതി മൊഴി നൽകി. വീണ്ടും രക്ഷപ്പെട്ടപ്പോൾ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നും യുവതി പറഞ്ഞതായി എസ്.പി. വ്യക്തമാക്കി.
പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് പോലീസ് ഒമ്പത് പ്രതികളെ അറസ്റ്റുചെയ്തത്. ആക്രമണത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ഭർത്താവിനെ ഉപപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിനാലാണ് 'ശുദ്ധീകരണത്തിന്റെ' പേരിൽ യുവതിയെ ലൈംഗികാതിക്രമത്തിനും മർദനത്തിനും ഇരയാക്കിയത് എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി എന്ന് പറഞ്ഞു.
Content Highlights: A woman in Gujarat was brutally assaulted and gang-raped by her husband, relatives, and villagers under the guise of "purification" after she eloped with her lover. The incident came to light when a video of the assault was circulated on social media, leading to the arrest of nine individuals, including the woman's husband and two women.