സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് സംശയം; മുഖസാമ്യമുള്ളയാൾ ബ്രൂണെയിൽ

#ന്യൂസ് ഡെസ്ക്
സുകുമാരക്കുറുപ്പ് | Photo: Screengrab/ Mathrubhumi News
സുകുമാരക്കുറുപ്പ് | Photo: Screengrab/ Mathrubhumi News

ന്യൂഡൽഹി: കേരള പോലീസിന്റെ തലവേദനയായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായി സംശയം. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണേയിലാണ് സുകുമാരക്കുറുപ്പ് ഉള്ളതെന്നാണ് റിപ്പോർട്ട്‌. പേരുമാറ്റി ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായോ മലയാളികളുമായോ പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ടാണ് താമസിക്കുന്നതായാണ് വിവരം. ഇയാൾ നാട്ടിലുള്ള ഭാര്യയും മക്കളുമായി നിരന്തരം ബന്ധപ്പെടുകയും ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ അന്വേഷിച്ചതായുള്ള ചാറ്റ് വിവരങ്ങളുമുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മലയാളിയായ ഒരാളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. 2023ലെ ചിത്രമാണ് പുറത്തുവന്നത്. ഒരു സൈബർ വിദഗ്ദൻ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം തുടങ്ങിയതായാണ് വിവരം. സൈബർ വിദഗ്ധൻ കൗതുകത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് എത്തിയത്.

വിചിത്രമായ പേരാണ് ഇയാൾ ഉപയോഗിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയാണ് ഇയാൾ ഇപ്പോഴും നാട്ടിലുള്ളവരുമായി ബന്ധം പുലർത്തുന്നുണ്ട് എന്ന് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. ഇയാൾ താമസിച്ചിരുന്ന വീടിന് സമീപം വരെ എത്തി. അതിന്റെ ചിത്രങ്ങളും ഇയാൾ ശേഖരിച്ചു. തന്ത്രപരമായാണ് ഇയാൾ സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രവും എടുത്തത്.

ബ്രൂണെയിലുള്ള മലയാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വയോധികന്റെ താമസ സ്ഥലത്തെത്തിയത്. മാത്രമല്ല ഇയാൾ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടൽ കണ്ടെത്തി. ഇവിടെനിന്ന് പിന്തുടർന്നാണ് ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയത്.

സുകുമാരക്കുറുപ്പിന്റെ പാസ്‌പോർട്ട് നേരത്തെ തന്നെ കാലാവധി കഴിഞ്ഞിരുന്നു. ഇതിന് ശേഷം മലേഷ്യയിൽ നിന്ന് വ്യാജരഖ ചമച്ച് പാസ്‌പോർട്ട് സംഘടിപ്പിച്ചിരുന്നുവെങ്കിലും അതിന്റെയും കാലാവധി കഴിഞ്ഞിരുന്നു. ഇതിന് ശേഷം നിയമവിരുദ്ധമായാണ്‌ ബ്രൂണെയിൽ താമസിക്കുന്നതെന്നാണ് വിവരം. നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നാണ് വിവരം.

എന്നാൽ ഇയാൾ സുകുമാരക്കുറുപ്പാണ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇത് ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്. അതിന് ശാസ്ത്രീയമായ രേഖകൾ ഇതിന് ആവശ്യമാണ്. മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സ്ഥലത്താണ് സുകുമാരക്കുറുപ്പ് എന്ന് സംശയിക്കുന്ന ആൾ താമസിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയ സാധ്യമായ നൂറുകണക്കിന് ചിത്രങ്ങൾ ഉപയോഗിച്ചാണ് സൈബർ വിദഗ്ദൻ ഇതുവരെ എത്തിയത്. 1984ലാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ ഇൻഷുറൻസ് പണത്തിന് വേണ്ടി കൊലപ്പെടുത്തി നാടുവിട്ടത്. പതിറ്റാണ്ടുകളായി കേരളപ്പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇന്റർപോൾ അടക്കം അന്വേഷിക്കുന്നുണ്ട്.

1984 മുതൽ 1996 വരെ 12 വർഷക്കാലം കേരള പോലീസ് സുകുമാരക്കുറുപ്പിനായി ഇന്ത്യയിലുടനീളം വ്യാപകമായ തിരച്ചിൽ നടത്തി. മുംബൈ, ഡൽഹി, ബിഹാർ, മധ്യപ്രദേശിലെ ഹോഷംഗാബാദ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കുറുപ്പ് വേഷമാറി കഴിഞ്ഞിരുന്നതായി പോലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. താൻ പിടിയിലാകാതിരിക്കാൻ വ്യാജ പേരുകളിലും വേഷങ്ങളിലുമാണ് കുറുപ്പ് സഞ്ചരിച്ചിരുന്നത്.1990-ൽ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ജോഷി എന്ന പേരിൽ കുറുപ്പ് താമസിച്ചിരുന്നതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു. ഈ സമയത്ത് ഇയാളെ പരിശോധിച്ച ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം സുകുമാരക്കുറുപ്പ് കഠിനമായ ഹൃദ്രോഗബാധ നേരിട്ടിരുന്നുവെന്നും, ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ ദീർഘകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും പ്രവചിച്ചിരുന്നു. കൂടാതെ, കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ വച്ച് കുറുപ്പിനെ കണ്ടതായി അവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്‌നമ്മ പൊലീസിന് മൊഴി നൽകിയെങ്കിലും, പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. ഒടുവിൽ കുറുപ്പ് ജീവനോടെയില്ല എന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിക്കാൻ കേരള പോലീസ് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ വരുന്നത്.

Content Highlights: A cyber expert's investigation suggests fugitive Sukumara Kurup is living in Brunei., He is reportedly staying away from the Indian community and using a fake name., Intelligence agencies are reviewing the new findings and photos from 2023., Kurup has been a fugitive since the 1984 Chacko murder case for insurance money.