ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.
ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക് പരാതി നൽകിയത്. കാമ്പസിലെ തന്റെ വസതിയിൽ നടക്കുന്ന ഒത്തുചേരലുകളിലേക്ക് പ്രൊഫസർ, വിദ്യാർഥികളെ ക്ഷണിക്കുകയും ലൈംഗികച്ചുവയോടെ മോശമായി പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ അശ്ലീലപരാമർശങ്ങൾ നടത്താറുള്ളതായും പരാതിയിലുണ്ട്.
ഐസിസിയിൽ ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി സീനിയർ വിദ്യാർഥികളാണ് പരാതിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഈ പ്രൊഫസർക്കെതിരേ അവരിൽ ചിലരും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Content Highlights: Around ten students have filed sexual misconduct complaints against a professor at Jawaharlal Nehru University (JNU) with the Internal Complaints Committee (ICC).