പെൺകുട്ടിയെന്ന വ്യാജേന സന്ദേശമയച്ചു, വീട്ടിൽനിന്ന് വിളിച്ചിറക്കി 17-കാരന് ക്രൂരമർദനം; കരളിന് ക്ഷതം, നാലുപേർ അറസ്റ്റിൽ

കോതമംഗലം (എറണാകുളം): വാരപ്പെട്ടിയിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച പതിനേഴുകാരൻ ഇപ്പോഴും കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.

മർദനത്തിൽ കരളിന് ക്ഷതമേറ്റിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുളവൂർ പായിപ്ര മാന്നാറി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാനാപ്പറമ്പിൽ അൽഷിഫ് (22), മുളവൂർ തൈക്കാവുംപടി കൂപ്പക്കാട്ട് അമീൻ (24), പായിപ്ര മൈക്രോപ്പടി ഭാഗത്ത് ദേവികവിലാസം വീട്ടിൽ അജിലാൽ (47), ചെറുവട്ടൂർ ചെങ്ങനാട്ട് വീട്ടിൽ അഭിരാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. പെൺസുഹൃത്തുമായുള്ള സൗഹൃദമാണ് സംഭവത്തിനു പിന്നിൽ. പെൺകുട്ടിയാണെന്ന വ്യാജേന മൊബൈലിൽനിന്ന് സന്ദേശം അയച്ച് വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കാറിൽ തട്ടിക്കൊണ്ടു പോയി ചെറുവട്ടൂർ ഭാഗത്തെ വീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈകാലുകൾ കൊണ്ട് ഇടിച്ചും തൊഴിച്ചും വടികൊണ്ട് അടിച്ചുമായിരുന്നു മർദനം.

മൂവാറ്റുപുഴയിലെ സ്‌കൂളിലാണ് വിദ്യാർഥി പഠിക്കുന്നത്. തെളിവെടുപ്പിന് ആശുപത്രിയിൽ എത്തിച്ച പ്രതികളെ വിദ്യാർഥി തിരിച്ചറിഞ്ഞു. ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: student thrashed by gang in kothamangalam