പരീക്ഷയ്ക്ക് ക്ലാസില്‍ കയറാന്‍ പറഞ്ഞു; അധ്യാപകദിനത്തില്‍ വിദ്യാര്‍ഥി അധ്യാപകനെ മര്‍ദിച്ചു

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കണ്ണൂർ: പരീക്ഷയ്ക്ക് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ട അധ്യാപകനെ പ്ലസ് ടു വിദ്യാർഥി മർദിച്ചു. പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ സി.എച്ച്. ഫാസിലിനാണ് അധ്യാപകദിനത്തിൽ മർദനമേറ്റത്.

വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ഓണപ്പരീക്ഷയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ക്ലാസിൽ കയറാതെ കുറച്ച് വിദ്യാർഥികൾ വരാന്തയിൽ നിൽക്കുന്നതുകണ്ട് അധ്യാപകൻ എല്ലാവരോടും ക്ലാസിൽ കയറാൻ പറഞ്ഞു. രണ്ടുപേർ മാത്രം കയറാൻ കൂട്ടാക്കിയില്ല. അധ്യാപകൻ വീണ്ടും നിർദേശിച്ചതോടെ അവരിലൊരാൾ മുന്നോട്ടുവന്ന് അധ്യാപകന്റെ മുഖത്ത് പലതവണ അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. ഇതുകണ്ട് മറ്റ് അധ്യാപകരെത്തി വിദ്യാർഥിയെ പിടിച്ചുമാറ്റി. അധ്യാപകൻ ആസ്പത്രിയിൽ ചികിത്സതേടി.

അധ്യാപകൻ നൽകിയ പരാതി ടൗൺ പോലീസിന് കൈമാറിയതായി പ്രിൻസിപ്പൽ യൂസഫ് ചന്ദ്രൻകണ്ടി പറഞ്ഞു. വിദ്യാർഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തുകയും അച്ചടക്കനടപടിയുടെ ഭാഗമായി വിദ്യാർഥിയെ സ്‌കൂളിൽ നന്ന് മാറ്റിനിർത്തുകയും ചെയ്തു. പി.ടി.എ. യോഗം ചേർന്ന് തുടർനടപടി തീരുമാനിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Content Highlights: Teacher attacked by Student on teachers day