അരൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പിന്നാലെ കത്തിക്കുത്ത്; യുവാവിന് പരിക്ക്

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അരൂര്‍: ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. അരൂര്‍ സ്വദേശി ആല്‍ബിനാണ് പരിക്കേറ്റത്. ഇയാള്‍ നെട്ടൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ആക്രമണകാരണം മുന്‍വൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ഭയന്ന ജനവും പലവഴിയില്‍ ഓടിയ നേരത്താണ് കത്തിക്കുത്ത് നടന്നത്. അതിനാല്‍ വളരെ വൈകിയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഇതിന് മുന്‍പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്തുവെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Content Highlights: stabbing in aroor one injured