കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്: ശ്രീറാം വെങ്കിട്ടരാമൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

ശ്രീറാം വെങ്കിട്ടരാമൻ, കെ.എം. ബഷീർ
ശ്രീറാം വെങ്കിട്ടരാമൻ, കെ.എം. ബഷീർ

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ വ്യാഴാഴ്ച തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണം. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ സമയം തേടിയതിനെ തുടർന്ന് വ്യാഴാഴ്ചവരെയാണ് ശ്രീറാമിന് നേരത്തേ കോടതി സമയം അനുവദിച്ചത്. കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോഴാണ് വ്യാഴാഴ്ച ഹാജരായി വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. 

ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാൻ സമയം നീട്ടിച്ചോദിച്ചത്. കഴിഞ്ഞ ജൂൺ ആറിനും മാർച്ച് 30-നും 2023 ഡിസംബർ 11-നും കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്. 

കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് വിചാരണയ്ക്കായി കോടതി വിളിച്ചുവരുത്തുന്നത്. 2023 ഓഗസ്റ്റ് 25-ന് കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷൻ ഹർജി തള്ളിയിരുന്നു. നരഹത്യ കേസ് നിലനിൽക്കില്ലെന്ന വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. സമാന നിലപാട് നേരത്തേ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. 

കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യാക്കുറ്റത്തിന് വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്. 

നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു ശ്രീറാമിന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ തന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടോർ വാഹനവകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് അദ്ദേഹം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉന്നയിച്ചത്. 

വേഗത്തിൽ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാൽ, സാഹചര്യത്തെളിവുകൾ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിക്കുമ്പോൾ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണെന്നും ഇത് വിചാരണ നടക്കേണ്ട കേസാണെന്നും നിരീക്ഷിച്ചു. 2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ടത്.

Content Highlights: Sriram Venkitaraman to appear in court on KM Basheer murder