സ്ത്രീധനത്തെച്ചൊല്ലി യുവതിക്ക് മർദനം; ഭർത്താവിനും മാതാവിനുമെതിരേ കേസ്

ശ്രീകാര്യം: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്ന പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരേ ശ്രീകാര്യം പോലീസ് കേസെടുത്തു. പൗഡിക്കോണം പനവിള സ്വദേശി ഷൈജു(40), മാതാവ് തങ്കമണി(62) എന്നിവർക്കെതിരേയാണ് കേസ്. ഉളിയാഴ്ത്തുറ ചെമ്പഴന്തി എ.കെ. നഗർ ശോഭാഭവനിൽ അശ്വതി(32)യ്ക്കാണ് പരിക്കേറ്റത്.
വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃമാതാവിന്റെ അനുമതിയോടെ ഷൈജു നിരന്തരം മർദിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡനം സഹിക്കാനാവാതെ കഴിഞ്ഞ ജൂലായ് 27 -ന് അശ്വതി കുഞ്ഞുമായി സ്വന്തം കുടുംബവീട്ടിലേക്കു പോയി.
എന്നാൽ, അന്നുതന്നെ ഭാര്യവീട്ടിലെത്തിയ ഷൈജു കുഞ്ഞിനെ ബലമായി കൊണ്ടുപോയി. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുഞ്ഞിനെ കൊണ്ടുപോകാൻ സ്വന്തം അമ്മയോടൊപ്പം ഭർതൃവീട്ടിലെത്തിയ യുവതിയെ ഷൈജുവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Sreekaryam police filed a case against a husband and mother-in-law for assaulting a woman over dowry disputes.