ഇന്റർവ്യൂവിന് എത്തിയ യുവതിയോട് മോശമായി പെരുമാറി; സ്പാ പൂട്ടിച്ചു

തിരുവനന്തപുരം: സ്റ്റാച്യുവിൽ സെക്രട്ടേറിയേറ്റിന് എതിർവശത്തുള്ള സ്പർശൻ വെൽനെസ് സ്പാ പൂട്ടിച്ച് കോർപറേഷൻ. സ്പാ നടത്തിപ്പുകാർ മോശമായി പെരുമാറിയെന്ന ഒരു പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്പായിലെ ജീവനക്കാർക്ക് ആവശ്യമായ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
നഗരസഭയുടെ നേതൃത്വത്തിൽ കോർപറേഷന്റെ ഹെൽത്ത് വിഭാഗവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. 'സ്പായുടെ ലൈസൻസ് എടുത്തിരിക്കുന്ന വ്യക്തിയല്ല ഇപ്പോൾ സ്ഥാപനം നടത്തുന്നത്. അതിനുവേണ്ട യോഗ്യത ഇല്ലാത്തവരാണ് സ്പാ നടത്തുന്നത്. സ്ഥാപനം നടത്തുന്നതിനും മസാജ് നടത്തുന്നതിനും വേണ്ട മാനദണ്ഡങ്ങൾ ഇവർ പാലിക്കുന്നില്ല.' സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് കുമാർ പറഞ്ഞു.
സ്പർശൻ വെൽനെസ് സ്പായിൽ ശനിയാഴ്ച വൈകുന്നേരം ഒരു ഇന്റർവ്യൂ നടന്നിരുന്നു. ഇന്റർവ്യൂ കഴിഞ്ഞ ശേഷം, ജോലിയുടെ ഭാഗമായി ചില തെറ്റായ കാര്യങ്ങളിലും കൂടി ഭാഗമാകേണ്ടി വരുമെന്ന് സ്പാ അധികൃതർ ആവശ്യപ്പെട്ടതായി പെൺകുട്ടി പറയുന്നു. 'ഇന്റർവ്യൂ നടത്തിയ ജീവനക്കാരടക്കം പെരുമാറിയത് വളരെ മോശമായ രീതിയിലാണ്. ജോലിയുടെ ഭാഗമായി ചെയ്യേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ചു പറയുന്നതിനിടെ മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്.' പെൺകുട്ടി പരാതിപ്പെട്ടതായി പോലീസ് പറയുന്നു.
സ്ഥാപനത്തിൽനിന്ന് ഇറങ്ങിയ ശേഷം പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ സ്പർശൻ വെൽനെസ് സ്പായിൽ മിന്നൽ പരിശോധന നടത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പരിശോധനാ സംഘം സ്പായിൽ എത്തിയത്. ഈ സ്ഥാപനത്തിൽ ക്രോസ് മസാജ് നടക്കുന്നതായി പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ക്രോസ് മസാജിങ് അടക്കമുള്ള കാര്യങ്ങൾക്ക് കേരളത്തിൽ അനുമതിയില്ല. ഈ നിയമവും സ്പർശൻ വെൽനെസ് സ്പാ നടത്തിപ്പുകാർ പാലിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് ബന്ധപ്പെട്ട അധികാരികൾ സ്പാ അടച്ചുപൂട്ടിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പർശൻ വെൽനെസ് സ്പായിൽ പരിശോധന നടത്തിയതെന്നും വരുംദിവസങ്ങളിൽ തലസ്ഥാനത്തെ മറ്റ് സ്പാകളിലും പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
തലസ്ഥാനത്ത് നിയമവിരുദ്ധമായോ സഭ്യേതരമായോ ഏതെങ്കിലും സ്പാകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പരിശോധന നടത്തുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഇന്ന് രാവിലെ മാതൃഭൂമിയോട് പറഞ്ഞിരുന്നു. പരിശോധനയിൽ ഇത്തരം കാര്യങ്ങൾ തെളിയിക്കപ്പെട്ടാൽ ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരുവല്ലയിൽ ഒരു സ്പായിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ സെന്ററുകൾക്കെതിരെ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് ഗുണ്ടാപിരിവ് ചോദിച്ച് സ്പായിലെത്തി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കാപ്പ കേസ് പ്രതിയടക്കം പിന്നീട് അറസ്റ്റിലായിരുന്നു.
Content Highlights: Corporation shuts down Sparshan Wellness Spa in Thiruvananthapuram following a woman`s complaint of molestation & unqualified staff. Strict action taken against illegal practices.