കളിക്കിടെ മകന് ചുവപ്പ് കാര്‍ഡ് കിട്ടി; കുട്ടികള്‍ക്കുനേരെ വടിവാള്‍വീശി ലീഗ് നേതാവിന്റെ മകന്‍ | VIDEO

#മാതൃഭൂമി ന്യൂസ്
വടിവാള്‍ വീശി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍
വടിവാള്‍ വീശി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍

മൂവാറ്റുപുഴ: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ ലീഗ് നേതാവിന്റെ മകനെ അറസ്റ്റു ചെയ്ത് പോലീസ്. മൂവാറ്റുപുഴ സ്വദേശി ഹാരിസാണ്  വടിവാളുമായെത്തി കുട്ടികള്‍ക്ക് നേരെ ഭീഷണി മുഴക്കിയത് എന്നാണ് പോലീസ് പറയുന്നത്. ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.എം അമീര്‍  അലിയുടെ മകനാണ് ഹാരിസ്. അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം.

ഫുട്‌ബോള്‍ മത്സരത്തില്‍ ഹാരിസിന്റെ മകനുമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ ഹാരിസിന്റെ മകന് ചുവപ്പ് കാര്‍ഡ് കിട്ടി. തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് പുറത്തുപോവേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. ചുവപ്പ് കാര്‍ഡ് കിട്ടിയത് ചോദ്യം ചെയ്യാനായി ഹാരിസ് മൈതാനത്തെത്തുകയും കുട്ടികള്‍ക്ക് നേരെ വടിവാള്‍ വീശുകയുമായിരുന്നു. ഹാരിസിന്റെ മകന്‍ ഓരാളെ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  

തങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഹാരിസിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

Content Highlights: son got red card football match threat by muslim league leaders son