കൊച്ചിയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ല, മകനെ വിട്ടയയ്ക്കുമെന്ന് പോലീസ്

മരിച്ച അല്ലി, മകന്‍ പ്രദീപ്
മരിച്ച അല്ലി, മകന്‍ പ്രദീപ്

കൊച്ചി: എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ തത്കാലം വിട്ടയയ്ക്കുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു. കൊലപാതക സാധ്യത പ്രാഥമികമായി തള്ളുന്നതായും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് നീങ്ങൂവെന്നും പോലീസ് വ്യക്തമാക്കി.

ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ നാലുമണിയോടെയാണ് അല്ലി (72)യുടെ മൃതദേഹം മകന്‍ പ്രദീപ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. ഇതുകണ്ട പ്രദേശവാസികളാണ് കൗണ്‍സിലറേയും പോലീസിനേയും വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുമ്പോള്‍ അല്ലിയുടെ കണ്ണിലും മൂക്കിലുമെല്ലാം മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

സംഭവസമയം പ്രദീപ് മദ്യലഹരിയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ പോലീസിന് കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ടയര്‍ കട നടത്തുന്ന പ്രദീപ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും അക്രമാസക്തനാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഈ പ്രശ്‌നങ്ങള്‍ കാരണം പ്രദീപിന്റെ ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് പോലീസിന് അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടൊക്കെ തന്നെ തുടക്കത്തില്‍ കേസില്‍ വലിയ ദുരൂഹത നിലനിന്നിരുന്നു. പിന്നാലെയാണ് പോലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച പോലീസ്, റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും എന്നാണ് പറഞ്ഞിരുന്നത്.

വൈകുന്നേരത്തോടെ ലഭ്യമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അല്ലിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായി ഒന്നുംതന്നെ ഇല്ലെന്ന് വ്യക്തമാക്കി. ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി കൊലപാതക സാധ്യത തള്ളിക്കളയുന്നതായും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രദീപിനെ തല്‍ക്കാലം വിട്ടയയ്ക്കും എന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നും പോലീസ് പറയുന്നു.

Content Highlights: son burried mother infront of home at kochi