ഷിബില കൊലപാതകക്കേസ്: പിആർഒയെ ബലിയാടാക്കിയെന്ന് ആക്ഷേപം, പോലീസുകാർക്ക് അതൃപ്തി

#സ്വന്തം ലേഖകൻ
ഷിബില, ഷിബിലയെ കുത്തിക്കൊന്ന കേസിലെ പ്രതി ഭർത്താവ് യാസിറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
ഷിബില, ഷിബിലയെ കുത്തിക്കൊന്ന കേസിലെ പ്രതി ഭർത്താവ് യാസിറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി

പുതുപ്പാടി: കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടിൽ ഷിബിലയെ ഭർത്താവ് യാസിർ കുത്തിക്കൊന്ന കേസിലെ നടപടിക്രമവീഴ്ചയുടെ പേരിൽ താമരശ്ശേരി സ്റ്റേഷനിലെ പിആർഒ ആയ ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പോലീസുകാർക്കിടയിൽ അതൃപ്തി. ഭേദപ്പെട്ട ട്രാക്ക് റെക്കോഡുള്ള ഒരു ഉദ്യോഗസ്ഥനെമാത്രം ബലിയാടാക്കി വകുപ്പുതല നടപടിയൊതുക്കിയെന്നതാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.

സംഭവത്തിൽ ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച പിആർഒയെ മാത്രം കരുവാക്കി മുഖംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് ഷിബിലയുടെ ബന്ധുക്കളും പറയുന്നത്. പരാതി നൽകി പതിനേഴുദിവസം കഴിഞ്ഞിട്ടും സാധാരണ ഒത്തുതീർപ്പ് ചർച്ചയ്ക്കപ്പുറത്തേക്ക് പോലീസ് നടപടിയുണ്ടായില്ലെന്നിരിക്കെ സ്റ്റേഷനിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാവണമെന്ന് ഷിബിലയുടെ ബന്ധു പി.എം. അബ്ദുൾമജീദ് ആവശ്യപ്പെട്ടു. ഒട്ടേറെത്തവണ ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും തുടർനടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിബിലയുടെ പരാതി ഒത്തുതീർപ്പാക്കിയെന്ന് രേഖപ്പെടുത്തിയ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ജനറൽ പെറ്റീഷൻ രജിസ്റ്ററിലെ കോളത്തിൽ എസ്എച്ച്ഒ കൗണ്ടർസൈൻ ചെയ്തിരുന്നില്ല. മേലുദ്യോഗസ്ഥർ അറിയാതെയോ, അവരെ അറിയിക്കാതെയോ പിആർഒ സ്വന്തം നിലയ്ക്ക് പരാതി തീർപ്പാക്കിയെന്നതായിരുന്നു സസ്പെൻഷൻ ഉത്തരവിലെ വിവക്ഷ.

അതേസമയം, ഷിബില കൊല്ലപ്പെട്ടതിനുപിന്നാലെ കോഴിക്കോട് റൂറൽ എസ്‌പിയുടെ ഓഫീസിൽനിന്നുള്ള ആവശ്യപ്രകാരം സമർപ്പിക്കപ്പെട്ട പൊതുപരാതി രജിസ്റ്ററിൽ, ഷിബിലയുടേത് ഒഴികെയുള്ള മറ്റ് മിക്ക പരാതികളുടെയും കോളങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. നടപടിക്രമത്തിലെ അസ്വാഭാവികത ഉൾപ്പെടെ സൂചിപ്പിച്ച് രഹസ്യാന്വേഷണവിഭാഗം വകുപ്പുതലത്തിൽ റിപ്പോർട്ട് നൽകിയതായാണ് വിവരം.

യാസിറിനെ കസ്റ്റഡിയിൽ വാങ്ങി

താമരശ്ശേരി: പുതുപ്പാടി കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടിൽ ഷിബിലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭർത്താവ് പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. വ്യാഴാഴ്ച രാവിലെ 11 വരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് യാസിറിനെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയത്.

കസ്റ്റഡിയിൽ വാങ്ങിയ യാസിറിനെ എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിലുമെത്തിച്ച് താമരശ്ശേരി പോലീസ് തെളിവെടുത്തു. കൊലപാതകത്തിനുശേഷം എസ്റ്റേറ്റ്മുക്കിലെ പെട്രോൾ പമ്പിലെത്തി കാറിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ യാസിർ കടന്നുകളയുകയായിരുന്നു. തുടർന്ന് അന്ന് അർധരാത്രിയോടെയാണ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഗ്രൗണ്ടിൽവെച്ച്‌ കാർ സഹിതം പിടിയിലാവുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 18-നായിരുന്നു യാസിർ നാക്കിലമ്പാടിലെ ഭാര്യവീട്ടിലെത്തി ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. മധ്യസ്ഥചർച്ചയിലെ ധാരണപ്രകാരം ഷിബിലയുടെ രേഖകളും മകളുടെ വസ്ത്രങ്ങളും തിരിച്ചെത്തിക്കാനെത്തിയപ്പോഴായിരുന്നു അക്രമം. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും യാസിർ കുത്തി പരിക്കേൽപ്പിച്ചിരുന്നു.
 

Content Highlights: A Kerala Police PRO suspended over procedural lapses in the Shibila murder case