ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ, തട്ടിയെടുത്തത് 55 ലക്ഷം രൂപ

കോട്ടയം: ഷെയർ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കോട്ടയം രാമപുരം സ്വദേശിയിൽ നിന്ന് 55 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ചെറിയപറമ്പിൽ സുബൈർ (48) ആണ് കോട്ടയം സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
ഈ വർഷം മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് പ്രതി രാമപുരം ഏഴാച്ചേരി സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരയുടെ വിശ്വാസം നേടിയെടുത്ത ശേഷം, പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ രീതിയിൽ 55,39,222 രൂപയാണ് സുബൈർ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഏഴാച്ചേരി സ്വദേശി രാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്ത് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേസിന്റെ തുടരന്വേഷണം കോട്ടയം സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.
Content Highlights: Kottayam police arrest a man for defrauding a Ramampuram native of ₹55 lakh in a share trading scam