കൊടുംക്രൂരത, മൃതദേഹം ലഭിച്ചില്ല, വെട്ടിനുറുക്കി ചാലിയാറിൽ തള്ളി; നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

ഷൈബിൻ അഷ്‌റഫിന്റെ നിലമ്പൂരിലെ വീട്ടിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തുന്നു | File Photo
ഷൈബിൻ അഷ്‌റഫിന്റെ നിലമ്പൂരിലെ വീട്ടിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തുന്നു | File Photo

മലപ്പുറം: ഒറ്റമൂലി രഹസ്യം ലഭിക്കുന്നതിന്  മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളുമാണ്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ തള്ളിയതും കൃത്യം ഒന്നരവർഷങ്ങൾക്ക് ശേഷം മാത്രം പുറത്തുവന്നതും അന്വേഷണത്തിന് വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.

കൃത്യം നടന്ന് വർഷങ്ങൾ കഴിഞ്ഞതിനാൽ തന്നെ മൃതദേഹഭാ​ഗങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒറ്റനോട്ടത്തിൽ ചെറുതെന്ന് തോന്നുന്നതുൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ശേഖരിക്കാൻ കഴിഞ്ഞത് കേസിന് കരുത്ത് പകർന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. മൃതദേഹഭാ​ഗങ്ങൾ പുഴയിൽ തള്ളുന്നതിന് ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയ കാറിൽ നിന്നും ലഭിച്ച ഷാബാ ഷെരീഫിന്റെ മുടിയിഴയാണ് കേസിൽ നിർണായകമായത്.

2022 ഏപ്രിൽ 23-ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്. ഷൈബിനെ അക്രമിച്ച കേസിലെ അഞ്ചുപ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുൻപിൽ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കി. ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. പിന്നാലെ  പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

2019 ഓഗസ്റ്റിലാണ് മൈസൂരുവിൽനിന്ന് നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. ഒന്നരവർഷത്തോളം ഷാബാ ഷെരീഫിനെ ഷൈബിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിലാക്കി. മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫിൽനിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോർത്തുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പദ്ധതി. രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽകെട്ടി ചാലിയാറിൽ ഒഴുക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എൻ.എ. പരിശോധനാഫലമാണ് കേസിൽ നിർണായകമായത്. 

Content Highlights: shaba shareef murder case Key Evidence Unveiled