അബുദാബിയിലെ ഇരട്ടക്കൊല: പ്രതിയെ ചോദ്യംചെയ്തു, പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

ഡെന്‍സിയും ഹാരിസും
ഡെന്‍സിയും ഹാരിസും

നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഹാരിസും ഓഫീസ് ജീവനക്കാരി ഡെന്‍സിയും അബുദാബിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

ഷാബാ ഷെരീഫ് കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍നിന്നാണ് ഇരട്ട കൊലപാതകം സ്ഥിരീകരിക്കാവുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത്.

നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍വിട്ട നൗഷാദിനെ നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ചോദ്യംചെയ്തുവരുന്നത്.

കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ വ്യാഴാഴ്ച ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് മുമ്പാകെ പ്രതിയെ ഹാജരാക്കും.

2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി തത്തമ്മപ്പറമ്പില്‍ ഹാരിസും ഇയാളുടെ ഓഫീസ് ജീവനക്കാരി ചാലക്കുടി സ്വദേശി ഡെന്‍സിയും അബുദാബിയിലെ ഫ്‌ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡെന്‍സിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യചെയ്തുവെന്നായിരുന്നു അബുദാബി പോലീസ് കണ്ടെത്തിയിരുന്നത്. ഷാബാ ഷെരീഫ് കൊലപാതക കേസില്‍ പിടിയിലായ നൗഷാദ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഷൈബിന്റെ നിര്‍ദ്ദേശപ്രകാരം ഹാരിസിനെയും ഡെന്‍സിയെയും കൊലപ്പെടുത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.

അതേസമയം കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹാരിസിന്റെ മാതാവ് സാറാബി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.

Content Highlights: shaba shareef murder abudbhabi double murder