കാര്യവട്ടം ഗവ. കോളേജിലെ കൊടുംക്രൂരത; എസ്.എഫ്.ഐ. പ്രവർത്തകർക്ക് സസ്പെൻഷൻ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ റാ​ഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ അതിക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചതെന്ന് റാ​ഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയിൽ തടഞ്ഞുവെച്ച് വിചാരണ ചെയ്തു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയും പരിശോധിച്ചാണ് റാ​ഗിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

Content Highlights: Seven SFI activists suspended after a first-year student was brutally ragged at Karyavattom campus.