മസാജ് ചെയ്യുന്നതിനിടെ വിദേശയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വയനാട്ടിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

ഇ.എം. മോവിൻ
ഇ.എം. മോവിൻ

മാനന്തവാടി: വയനാട്ടിലെത്തിയ വിദേശയുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ തിരുമ്മുകാരന്‍ തവിഞ്ഞാല്‍ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനിനെ (29)യാണ് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. 

25-കാരിയായ നെതര്‍ലന്‍ഡ്‌സ് സ്വദേശിനി എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് തിരുനെല്ലി പോലീസ് കേസന്വേഷിച്ചത്. മോവിനിനെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടിലെത്തിയ യുവതിയെ മസാജ്‌ചെയ്യുന്നതിനിടെ മോവിന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണു പരാതി. കഴിഞ്ഞ 14-നാണ് ഇതുസംബന്ധിച്ച് യുവതി എ.ഡി.ജി.പി.ക്ക് ഇ-മെയില്‍ ആയി പരാതി നല്‍കിയത്. ശനിയാഴ്ച വീട്ടില്‍നിന്നാണ് മോവിനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശവനിതയ്ക്ക് ഫോട്ടോ അയച്ചുകൊടുത്ത് ഉറപ്പിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Content Highlights: sexual assault against foreign woman resort employee arrested in wayanad