ലക്ഷങ്ങളുടെ തട്ടിപ്പും ലൈംഗിക ചൂഷണവും; പിടിയിലായപ്പോഴും ഒപ്പമൊരു സ്ത്രീ; ഡോക്ടറെന്ന് പരസ്യംനൽകി വിവാഹത്തട്ടിപ്പ്

#ന്യൂസ് ഡെസ്ക്
ബിജു ആന്റണി പോലീസ് പിടിയിലായപ്പോൾ
ബിജു ആന്റണി പോലീസ് പിടിയിലായപ്പോൾ

ചേർത്തല/വയനാട്: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പത്രങ്ങളിലും മാട്രിമോണിയൽ വെബ്സൈറ്റുകളിലും പരസ്യം നൽകി യുവതികളെ വിവാഹം കഴിച്ച് സ്വർണവും പണവും കവർച്ച ചെയ്യുന്ന തട്ടിപ്പുകാരൻ പോലീസ് നീക്കത്തിനൊടുവിൽ പിടിയിൽ. വയനാട് മാനന്തവാടി ആന്തിക്കാംപൊയ്യിൽ ഭാഗത്ത് വെള്ളറ ചെന്നിക്കര വീട്ടിൽ ബിജു ആന്റണി (45) ആണ് വയനാട് സുൽത്താൻ ബത്തേരിയിൽനിന്ന് പിടിയിലായത്. മാടയ്ക്കലിലെ ഒരു ക്വാർട്ടേഴ്സിൽനിന്ന് പിടിയിലാകുമ്പോൾ ഇയാൾക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നതായാണ് വിവരം.

ചേർത്തല, പട്ടണക്കാട് സ്വദേശി രമ്യയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി ആറുവർഷത്തിനു ശേഷമാണ് ഇയാളെ കുടുക്കിയത്. രമ്യയെ 'സുരേഷ്' എന്ന വ്യാജ പേരിൽ പരിചയപ്പെട്ട് വയലാർ കളവംകോടം ക്ഷേത്രത്തിൽ വെച്ച് 2020 മാർച്ചിലാണ് ഇയാൾ വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും വയലാറിലെ വാടകവീട്ടിൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരികയായിരുന്നു. തുടർന്ന് ഹോട്ടൽ തുടങ്ങാനെന്ന വ്യാജേന യുവതിയുടെ അമ്മയിൽ നിന്ന് 30,000 രൂപ ഇയാൾ കൈക്കലാക്കി. പിന്നീട് അലമാരയിൽ സൂക്ഷിച്ചിരുന്ന രമ്യയുടെ ഏഴ് പവനോളം വരുന്ന സ്വർണാഭരണങ്ങളുമായി ഇയാൾ കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ 'സുരേഷ്' എന്ന വ്യാജപേരിൽ തട്ടിപ്പ് നടത്തിയത് വയനാട് മാനന്തവാടി സ്വദേശി ജോസഫിന്റെ മകൻ ബിജു ആന്റണി ആണെന്ന് കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് അരൂർ സെന്റ് ആന്റണീസ് പള്ളിക്കടുത്തുള്ള ഒരു ഹോട്ടലിൽ ഇയാൾ ജോലിചെയ്തിരുന്നു. പ്രതിക്ക് സുൽത്താൻ ബത്തേരിയിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പത്രങ്ങളിലും മാട്രിമോണിയൽ വെബ്സൈറ്റുകളിലും സ്വന്തം ഫോൺ നമ്പർ നൽകി ഡോക്ടറാണെന്ന് കാണിച്ച് വ്യാജ വിവാഹ പരസ്യം നൽകുകയാണ് ബിജു ആന്റണിയുടെ തട്ടിപ്പ് രീതി. എൻജിനിയറായും പാചകക്കാരനായും പരിചയപ്പെടും. പരസ്യം കണ്ടു ബന്ധപ്പെടുന്ന യുവതികളെയും വീട്ടുകാരെയും വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കും. ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന പേരിൽ പണവും സ്വർണാഭരണങ്ങളും കവരുകയുമാണ് ഇയാൾ ചെയ്യുന്നത്.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ അതിർത്തിയിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തളിപ്പറമ്പ് കൂവോടുള്ള ഒരു യുവതിയുടെ വീട്ടുകാർ പത്രപ്പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ 'രാജേഷ്' എന്ന വ്യാജ പേരിലാണ് ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് 2016 ജൂൺ 30-ന് ഹോസങ്കടിയിലെ അശോകാ ലോഡ്ജിൽവെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നര പവൻ സ്വർണം കവരുകയും ചെയ്തു.

മോഷണ കേസുകളിൽ മുമ്പും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ബിജു ആന്റണി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ സ്വർണം മോഷണം നടത്തിയ കേസിലും തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ മോഷണ കേസിലും ഇയാൾ പ്രതിയാണ്. കണ്ണൂരിലെ കേസിൽ ശിക്ഷ അനുഭവിച്ച ഇയാൾ ഫോർട്ട് സ്റ്റേഷനിലെ കേസിൽ ഒരു വർഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അപമാനം ഭയന്ന് പല ഇരകളും പുറത്തുപറയാൻ മടിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഇയാൾ കൃത്യമായ ഇടവേളകളിൽ സുൽത്താൻ ബത്തേരിയിലെ വീട്ടിലെത്താറുണ്ടെന്നും പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇയാൾ പിടിയിലായതോടെ കൂടുതൽപ്പേർ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്. പല സ്ത്രീകളിൽനിന്നായി കോടികളുടെ സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. നൂറോളം സ്ത്രീകളെ പറ്റിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്. ഇതോടെ, പോലീസ് പ്രത്യേക അന്വേഷണത്തിനു നടപടി തുടങ്ങി.