രഹസ്യവിവരം, പിന്തുടര്‍ന്ന് പിടികൂടി; ഉത്തര്‍പ്രദേശില്‍ തോക്കുമായി സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Screengrab: twitter.com/ManiSAiyarINC
Screengrab: twitter.com/ManiSAiyarINC

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നാടന്‍ തോക്കുമായി അധ്യാപിക അറസ്റ്റില്‍. ഫിറോസാബാദിലെ സ്‌കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് മെയിന്‍പുരിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് തോക്കും പിടിച്ചെടുത്തു. 

ഒരു സ്ത്രീ നഗരത്തില്‍ തോക്കുമായി സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് യുവതിയുടെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തത്. 

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. യുവതിയെ പോലീസ് പരിശോധിക്കുന്നതിന്റെയും തോക്ക് കണ്ടെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 

Content Highlights: school teacher arrested with country made pistol in uttar pradesh mainpuri