സാവര്യ കൊലക്കേസ്: പ്രതിയെ ഉസ്ബെക്കിസ്താനിൽ ശിക്ഷിച്ചതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചേക്കും

ഹരിപ്പാട് (ആലപ്പുഴ): മലയാളി മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്ത് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചേക്കും. പ്രതി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനാമിനെ (23) ഉസ്ബെക്കിസ്താൻ കോടതി എട്ടരവർഷം തടവിനു ശിക്ഷിച്ച സാഹചര്യത്തിലാണിത്.
ഒരേകുറ്റത്തിനു രണ്ടുരാജ്യങ്ങളിൽ വിചാരണ നടത്താൻ തടസ്സമുണ്ട്. പ്രത്യേകിച്ചും, കുറ്റകൃത്യംനടന്ന രാജ്യത്തു പ്രതിക്കെതിരേയുള്ള കുറ്റംതെളിയുകയും ശിക്ഷവിധിക്കുകയും ചെയ്തതിനാൽ.
ഉസ്ബെക്കിസ്താനിൽ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ശിക്ഷയുടെ വിവരവും ഔദ്യോഗികമായി ലഭിക്കുന്നതോടെ കേസ് അവസാനിപ്പിച്ചുള്ള റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് നൽകും. ഇതോടെ നാട്ടിലെ അന്വേഷണം അവസാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോജ് പറഞ്ഞു.
സാവര്യ വധക്കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ പോലീസ് ആസ്ഥാനത്തേക്കു റിപ്പോർട്ട് അയച്ചിട്ടുണ്ട്. ഇത് വിദേശമന്ത്രാലയംവഴി ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസിക്കു കൈമാറും. അവർ അവിടത്തെ ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് എഫ്.ഐ.ആർ., പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കോടതി വ്യവഹാരത്തിന്റെ വിവരങ്ങൾ, കേസിലെ വിധി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.
സാവര്യയുടെ അച്ഛൻ ബസന്തിന്റെ പരാതിയിലാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. നാട്ടിലെത്തിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. ശരീരമാകെ മർദനമേറ്റ പാടുകളും കണ്ടെത്തി. സാവര്യയെ രണ്ടുദിവസത്തിലധികം മുറിയിൽ പൂട്ടിയിട്ട് പ്രതി ആക്രമിച്ചതായ ബന്ധുക്കളുടെ പരാതി ശരിവെക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഉസ്ബെക്കിസ്താനിലെ ബുക്ക്ഹാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയായിരുന്ന സാവര്യ, ജൂലായ് മൂന്നിനാണു കൊല്ലപ്പെട്ടത്. പരീക്ഷകഴിഞ്ഞ് നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റെടുത്ത ദിവസമായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ സാവര്യയെ ആശുപത്രിയിലെത്തിച്ചത് പ്രതിയായ സദറുൾ അനാമാണ്. ആശുപത്രിയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അന്നുമുതൽ റിമാൻഡിലായിരുന്നു.
Content Highlights: Crime Branch likely to close the investigation into Savarya Basanth's murder., Convict Sadrul Anam sentenced to 8.5 years in prison by an Uzbekistan court., Double jeopardy rule prevents trial in two countries for the same crime., Official documents from Uzbekistan are awaited to officially close the local case.