ബസിലെ ലൈംഗികാതിക്രമം; 2023-ല്‍ സവാദിന് മാലയിട്ട് സ്വീകരണവും വെല്ലുവിളിയും, 2025-ല്‍ വീണ്ടും കുടുങ്ങി

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിനെ (29) കോടതിയില്‍ ഹാജരാക്കി. ജൂണ്‍ 14-ാം തീയതി മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. യുവതി കണ്ടക്ടറോട് പരാതിപ്പെട്ടതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലാവുകയായിരുന്നു.
2023-ല്‍ കെഎസ്ആര്‍ടിസി ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്. നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി. അങ്കമാലിയില്‍നിന്ന് ബസില്‍ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു. എന്നാല്‍, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
അന്ന് ജാമ്യത്തിലിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന മാലയിട്ട് സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സവാദിനെ ഇര എന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. മാത്രമല്ല, പരാതിക്കാരിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ വിവിധ കോണുകളില്‍നിന്ന് ശ്രമമുണ്ടായി. മോഡലിങ്ങില്‍ സജീവമായ യുവതി ജനശ്രദ്ധ നേടാനാണ് തന്നെ കരുവാക്കിയതെന്നും താന്‍ തെറ്റുകാരനാണെന്ന് തെളിയിച്ചാല്‍ പറയുന്ന പണം തരാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണയും മറ്റു നടപടികളും തീര്‍ന്നിട്ടില്ല. അതിന് മുന്‍പാണ് സമാനമായ കേസില്‍ സവാദ് കുടുങ്ങുന്നത്.
തൃശ്ശൂരില്‍ ഉണ്ടായ സംഭവത്തില്‍ അന്നുതന്നെ യുവതി ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം സവാദിനെ കോടതിയില്‍ ഹാജരാക്കാനാണ് ഈസ്റ്റ് പോലീസിന്റെ നീക്കം.
Content Highlights: Indecent act on KSRTC bus: Controversially welcomed by men’s group in 2023, Savad arrested again