2 ജോഡി ചെരുപ്പിൽ സംശയം, തിരച്ചിലിൽ ആൺസുഹൃത്തിന്റെ മൃതദേഹവും; വീടുവിട്ട് ഒന്നിച്ച് താമസിച്ചത് 6 മാസം

#ന്യൂസ് ഡെസ്ക്
അഭിരാമി, രാജീവ്
അഭിരാമി, രാജീവ്

ശാസ്താംകോട്ട: ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വെളിയം വാളിയോട് കിളിക്കോട് ഐ.എച്ച്.ഡി.പി. ഉന്നതിയിൽ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), വെളിയം മാലയിൽ മറവൻകോട് രാജേഷ്ഭവനിൽ പരേതനായ രവിയുടെയും രാധയുെടയും മകൻ രാജീവ് (26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ തടാകത്തിലെ അമ്പലക്കടവ് ഭാഗത്താണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. കടത്തുവള്ളക്കാരാണ് മൃതദേഹം കണ്ടത്. കടവിന് അൻപതുമീറ്റർ അകലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. തുടർന്ന്‌ കടത്തുകാരും മറ്റും ചേർന്ന് കരയ്ക്കെത്തിച്ചു. കരയിൽ രണ്ട് ബാഗുകളും രണ്ട് ജോടി ചെരുപ്പും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറ്റൊരാൾകൂടി ഉണ്ടാകുമെന്ന സംശയമുയർന്നത്. തുടർന്ന് ശാസ്താംകോട്ട പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സ്‌കൂബാസംഘം നടത്തിയ തിരച്ചിലിൽ പത്തരയോടെ അകലെനിന്ന്‌ രാജീവിന്റെ മൃതദേഹവും കണ്ടെത്തി.

ഇരുവരും ആത്മഹത്യചെയ്തതായാണ് പോലീസ് നൽകുന്ന വിവരം. ഇരുവരും ശനിയാഴ്ച വൈകീട്ട് ശാസ്താംകോട്ടയിൽ എത്തിയതാകാമെന്നാണ് നിഗമനം. ഏറെക്കാലമായി രാജീവും അഭിരാമിയും സൗഹൃദത്തിലായിരുന്നു.

എന്നാൽ വിവാഹത്തിന് ഇരു വീട്ടുകാരും എതിർത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് വീടുവിട്ട ഇരുവരും വാടകവീട്ടിലായിരുന്നു താമസം. ബന്ധുക്കളുടെ പരാതിയിൽ പൂയപ്പള്ളി പോലീസ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്ന് അറിയിച്ചിരുന്നതായും പോലീസ് പറയുന്നു. അഭിരാമി നഴ്‌സിങ് വിദ്യാർഥിയായിരുന്നു. അഭിരാമിയുടെ സഹോദരൻ: അഭിഷേക്. രാജീവിന്റെ സഹോദരങ്ങൾ: രാജേഷ്, രാജി.

ഇരുവരുടെയും മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)

Content Highlights: A 19-year-old nursing student and her 26-year-old male friend were found dead in Sasthamcotta Lake., The couple had been living together for six months after facing opposition to their marriage from family members., Police suspect have sent the bodies for post-mortem at Parippally Medical College Hospital.